പഹല്‍ഗാം: ലഷ്‌കർ ഭീകരന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തിപ്പെടുത്തി; ലഹോറിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ട്
- Published by:ASHLI
- news18-malayalam
Last Updated:
മുന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളെ സയീദിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്
ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെയും ജമാത്ത് ഉദ് ധവയുടെയും മേധാവിയായ ഭീകരന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ സർക്കാരും ചാരസംഘടനയായ ഐഎസ്ഐയും ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടാണ് ഈ നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ലാഹോറിലെ ജനസാന്ദ്രത കൂടിയ സ്ഥലത്താണ് സയീദിനെ പാര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ എസ്എസ്ജി കമാന്‍ഡോകളെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തിന് സമീപത്തായി മദ്രസകളും സാധാരണക്കാരുടെ വീടുകളും പള്ളിയും ഉണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകളെ സയീദിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ലാഹോറിലെ മൊഹല്ല ജോഹറിലുള്ള സയീദിന്റെ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സയീദ് ഔദ്യോഗികമായി തടവിലാണെങ്കിലും അയാളുടെ വീട് തന്നെ താത്കാലിക സബ് ജയിലാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കണ്‍ട്രോള്‍ റൂം ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടുണ്ട്.
advertisement
ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് യുഎസും ഇന്ത്യയും അന്വേഷിക്കുന്നയാളാണ് സയീദ്. പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ആക്രമണത്തിനും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
പാക് സര്‍ക്കാരിന്റെ കസ്റ്റഡിയിലാണ് സയീദ് ഇപ്പോഴുള്ളത്. ഭീകരവാദത്തിന് ധനസഹായം നല്‍കിയതിന് ഏഴ് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക് കോടതി ഇയാളെ 46 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2022 ഏപ്രിലില്‍ അത്തരത്തിലുള്ള രണ്ട് കേസില്‍ 31 വര്‍ഷത്തെ തടവിന് സയീദിനെ ശിക്ഷിച്ചിരുന്നു. 2020 ലും 15 വര്‍ഷത്തെ തടവിന് ഇയാളെ ശിക്ഷിച്ചിരുന്നു.
advertisement
എന്നാല്‍, എല്ലാ ശിക്ഷകളും കൂടി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 2019 മുതല്‍ അറസ്റ്റിലാണെന്നാണ് വിവരമെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 24ലധികം പൊതുപരിപാടികളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഒരു പൊതുപരിപാടിയില്‍ ഇയാള്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാക് അധിനിവേശ കശ്മീരിലെ ഭീകരവാദകേന്ദ്രങ്ങളിലും മുരിദ്‌കെ, ബഹവല്‍പൂര്‍, റാവലക്കോട്ട് എന്നിവടങ്ങളിലെ കാംപുകളിലും സയീദ് എത്താറുണ്ട്.
2019ല്‍ ജമ്മു കശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം 2020ല്‍ ലഷ്‌കറെ തൊയ്ബയെ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന് പുനര്‍നാമകരണം ചെയ്തു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് ലോറന്‍സ് ബിഷ്‌ണോയി സംഘം കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും മൂല്യമുള്ള ഒരാളെ ലക്ഷ്യം വയ്ക്കുമെന്ന് സയീദിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംഘം പറഞ്ഞു.
advertisement
2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്നത്. മേഖലയിലെ സമാധാനവും വികസനവും തര്‍ക്കാനുള്ള പാകിസ്ഥാന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തുന്നത്.
പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം പ്രതികാരം ചെയ്യുമെന്ന് പാകിസ്ഥാന്‍ ഭയപ്പെടുന്നുണ്ട്. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചതായി ബുധനാഴ്ച പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 01, 2025 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പഹല്‍ഗാം: ലഷ്‌കർ ഭീകരന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തിപ്പെടുത്തി; ലഹോറിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോർട്ട്