ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം

Last Updated:

പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ തങ്ങളുടെ മുന്നിൽ വേറെ വഴിയുണ്ടെന്ന് അഫ്ഗാൻ‌ വിദേശകാര്യമന്ത്രി

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനൊപ്പം അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ‌ മുത്തഖി  File image/X
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനൊപ്പം അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ‌ മുത്തഖി File image/X
ജമ്മു-കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതോടെ പാകിസ്ഥാന് രോഷം. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടലുകൾ ഉണ്ടായതോടെ വഷളായ പാക്-അഫ്ഗാൻ ബന്ധം ഇതോടെ കൂടുതൽ വഷളായി. പാകിസ്ഥാനിൽ രോഷമുയരുന്നതിനിടെ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംയുക്ത പ്രസ്താവനയിൽ ജമ്മു-കശ്മീർ ഇന്ത്യയിൽ സ്ഥിതിചെയ്യുന്നുവെന്ന് രേഖപ്പെടുത്തിയതിലൂടെ അഫ്ഗാനിസ്ഥാൻ പുതിയൊരു പ്രശ്നം തുറന്നിട്ടിരിക്കുകയാണെന്നാണ് പാകിസ്ഥാൻ കരുതുന്നത്. ജമ്മു-കശ്മീർ സംബന്ധിച്ച പരാമർശം ഐക്യരാഷ്ട്രസഭ പ്രമേയങ്ങളെയും ജമ്മു-കശ്മീരിന്റെ നിയമപരമായ പദവിയെയും ലംഘിക്കുന്നതാണെന്ന് ആരോപിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എന്നാൽ, പാക് അധിനിവേശ കശ്മീർ ‌അഫ്ഗാനിസ്ഥാനുമായി 106 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനാൽ, ഇന്ത്യയും അഫ്ഗാനിസ്ഥാനും അയൽരാജ്യങ്ങളാണെന്ന ഇന്ത്യയുടെ നിലപാട് ഈ സംയുക്ത പ്രസ്താവന ഊന്നിപ്പറയുന്നുവെന്നാണ് ന്യൂഡൽഹി കാണുന്നത്. ഒരു അയൽരാജ്യവും അഫ്ഗാൻ ജനതയുടെ അഭ്യുദയകാംക്ഷിയുമെന്ന നിലയിൽ, അഫ്ഗാനിസ്ഥാന്റെ വികസനത്തിലും പുരോഗതിയിലും ഇന്ത്യയ്ക്ക് അഗാധമായ താൽപ്പര്യമുണ്ടെന്ന് ജയശങ്കർ കൂടിക്കാഴ്ചയിൽ ആവർത്തിച്ചു വ്യക്തമാക്കി.
advertisement
സംയുക്ത പ്രസ്താവനക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാൻ അംബാസഡറെ വിളിച്ചുവരുത്തി. താലിബാൻ കശ്മീരിലെ ജനങ്ങളിൽ നിന്ന് മുഖം തിരിക്കുകയാണെന്നും ചരിത്രത്തോടും മുസ്‌ലിം ഉമ്മത്തിനോടും അനീതി കാണിക്കുകയാണെന്നും പ്രസിഡന്റ് ആസിഫ് അലി സർദാരി ആരോപിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ ഏറ്റുമുട്ടലുകൾ രൂക്ഷമായതോടെ, അഫ്ഗാൻ എംബസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുത്തഖി, പാകിസ്ഥാനിലെ "ചില ഘടകങ്ങൾ" അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മറ്റ് വഴികളുണ്ടെന്നും മുന്നറിയിപ്പ് നൽ‌കുകയും ചെയ്തു.
advertisement
തെഹ്‍രീക്-ഇ-താലിബാൻ പാകിസ്ഥാന് (ടിടിപി) അഫ്ഗാനിസ്ഥാനിൽ യാതൊരു സാന്നിധ്യവുമില്ലെന്ന് വ്യക്തമാക്കിയ മുത്തഖി, പാകിസ്ഥാനിലെ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ഇഷ്ടപ്പെടുന്നവരും അഫ്ഗാനിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവരുമാണെന്ന് പറഞ്ഞു. മുത്തഖി ഇന്ത്യൻ മണ്ണിലായിരിക്കെ പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലുകളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ താലിബാന്റെ തിരിച്ചടിക്ക് ശേഷം സ്ഥിതിഗതികൾ നിയന്ത്രണത്തിലായെന്ന് മന്ത്രി പറഞ്ഞു.
"അഫ്ഗാനിസ്ഥാൻ അതിൻ്റെ അതിർത്തികളും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കും, അതുകൊണ്ടാണ് പാകിസ്ഥാന്റെ പ്രകോപനത്തിന് ഉടൻ തിരിച്ചടി നൽകിയത്. ഞങ്ങൾ ഇന്നലെ രാത്രി ഞങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ നേടി, ഈ സംഘർഷം അവസാനിക്കണമെന്ന് ഞങ്ങളുടെ സുഹൃത്തുക്കളായ ഖത്തറും സൗദി അറേബ്യയും ആവശ്യപ്പെട്ടതിനാൽ തൽക്കാലം ഞങ്ങളുടെ ഭാഗത്ത് നിന്ന് അത് നിർത്തിവച്ചിരിക്കുകയാണ്," മുത്തഖി പറഞ്ഞു.
advertisement
"സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഞങ്ങൾ നല്ല ബന്ധവും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഒടുവിൽ സ്വതന്ത്രമായി, സമാധാനത്തിനായി പ്രവർത്തിക്കുകയാണ്... പാകിസ്ഥാൻ നല്ല ബന്ധവും സമാധാനവും ആഗ്രഹിക്കുന്നില്ലെങ്കിൽ, അഫ്ഗാനിസ്ഥാന് മറ്റ് വഴികളുമുണ്ട്," മന്ത്രി കൂട്ടിച്ചേർത്തു.
ടിടിപിയെ താലിബാൻ സംരക്ഷിക്കുന്നുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങളോട്, അതിർത്തി 2400 കിലോമീറ്റർ നീളമുള്ളതാണെന്നും "ചെങ്കിസ് ഖാനോ" "ഇംഗ്ലീഷുകാരോ" പോലും അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുത്തഖി പറഞ്ഞു. "ശക്തി മാത്രം ഉപയോഗിച്ച് അതിനെ നിയന്ത്രിക്കാൻ കഴിയില്ല. പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് വലിയ സൈന്യവും മികച്ച രഹസ്യാന്വേഷണ വിഭാഗവുമുണ്ട് - അവർ എന്തുകൊണ്ടാണ് അതിനെ നിയന്ത്രിക്കാത്തത്? ഈ പോരാട്ടം പാകിസ്ഥാനുള്ളിലാണ്. ഞങ്ങളെ കുറ്റപ്പെടുത്തുന്നതിനു പകരം, അവർ അവരുടെ മണ്ണിലെ പ്രശ്നങ്ങൾ നിയന്ത്രിക്കണം," മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം
Next Article
advertisement
ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം
ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം
  • ജമ്മു-കശ്മീരിൽ ഇന്ത്യയുടെ പരമാധികാരത്തെ താലിബാൻ പിന്തുണച്ചതിൽ പാകിസ്ഥാന് രോഷം പ്രകടിപ്പിച്ചു.

  • അഫ്ഗാൻ വിദേശകാര്യമന്ത്രി പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

  • പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മറ്റ് വഴികളുണ്ടെന്ന് മുത്തഖി വ്യക്തമാക്കി.

View All
advertisement