വിസയും പാസ്പോർട്ടും ഇല്ലാത്ത യാത്രക്കാരനെ പാക് വിമാനം ഇറക്കിയത് സൗദി അറേബ്യയിൽ
- Published by:meera_57
- news18-malayalam
Last Updated:
തന്നെ തെറ്റായ ലക്ഷ്യസ്ഥാനത്ത് ഇറക്കിയ സ്വകാര്യ വിമാനകമ്പനിയ്‌ക്കേതിരേ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ഇയാൾ
പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് യാത്ര പുറപ്പെട്ട യാത്രക്കാരനെ പാകിസ്ഥാനിലെ സ്വകാര്യ വിമാന കമ്പനി അബദ്ധത്തില്‍ ഇറക്കിയത് സൗദി അറേബ്യയിലെ ജിദ്ദയിൽ. ഷഹ്‌സെയിന്‍ എന്ന യാത്രക്കാരനാണ് വിമാനത്തിന്റെ ക്രൂ അംഗങ്ങള്‍ക്ക് പറ്റിയ അബദ്ധം കാരണം ബുദ്ധിമുട്ടുകള്‍ നേരിട്ടത്. ഇയാളുടെ കൈയ്യിൽ വിസയും പാസ്പോർട്ടുമൊന്നും ഉണ്ടായിരുന്നില്ല. തന്നെ തെറ്റായ ലക്ഷ്യസ്ഥാനത്ത് ഇറക്കിയ സ്വകാര്യ വിമാനകമ്പനിയ്‌ക്കേതിരേ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ഇയാൾ.
ക്രൂ അംഗങ്ങളെ വിമാന ടിക്കറ്റ് കാണിച്ചതിന് ശേഷം തന്നെ തെറ്റായ വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഷഹ്‌സൈന്‍ ആരോപിച്ചു. ഒരേ കമ്പനിയുടെ രണ്ട് വിമാനങ്ങള്‍ ഒരേസമയം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഒന്ന് കറാച്ചിയിലേക്കും മറ്റേത് ജിദ്ദയിലേക്കും പുറപ്പെടാനുള്ള വിമാനമായിരുന്നു. ക്രൂ അംഗങ്ങള്‍ തെറ്റിദ്ധരിച്ച് ഷഹ്‌സൈനിനെ ജിദ്ദയിലേക്കുള്ള വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു. ''വളരെ വൈകിയാണ് ഇക്കാര്യം എനിക്ക് മനസ്സിലായത്,'' യാത്രക്കാരന്‍ പറഞ്ഞു. തന്റെ ബോര്‍ഡിംഗ് പാസ് പരിശോധിച്ചിട്ടും ഒരു എയര്‍ലൈന്‍ ജീവനക്കാരനും പിശക് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു. വിമാനം പറന്നുയര്‍ന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഷഹ്‌സൈയിന് എന്തോ സംഭവിച്ചതായി തോന്നിയത്. ''വിമാനം ഇതുവരെ കറാച്ചിയില്‍ എത്താത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചു. ഇത് ജീവനക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് അവര്‍ എനിക്കാണ് തെറ്റ് പറ്റിയതെന്ന മട്ടില്‍ കുറ്റപ്പെടുത്തി,'' അദ്ദേഹം പറഞ്ഞു. ലഹോറില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ കറാച്ചിയില്‍ എത്തേണ്ട ഇയാൾ ജിദ്ദയിൽ നിന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്.
advertisement
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഫെഡറല്‍ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്‌ഐഎ) അറിയിച്ചതായും അന്വേഷണത്തിന് സഹകരിക്കുമെന്ന് ഷഹ്‌സൈന്‍ ഉറപ്പുനല്‍കിയതായും എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
തനിക്കുണ്ടായ അപ്രതീക്ഷിത യാത്രാ ചെലവ് വഹിക്കണമെന്നും കൂടാതെ ആ സമയം താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിമാനകമ്പനിയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ഷഹ്‌സൈന്‍ ആവശ്യപ്പെട്ടു. തന്റെ കൈവശമുള്ള രേഖകള്‍ പരിശോധിക്കുന്നതില്‍ അധികൃതർക്ക് വീഴ്ച പറ്റിയതായും യാത്രാ രേഖകള്‍ ഇല്ലാതെ ഒരു അന്താരാഷ്ട്ര വിമാനത്തില്‍ കയറാന്‍ അനുവദിച്ചതിന് വിമാനകമ്പനി ഉത്തരവാദിയാണെന്നും യാത്രക്കാരന്‍ ആരോപിച്ചു.
advertisement
സംഭവം പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ലാഹോര്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് അന്വേഷണം നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിദ്ദയില്‍ യാത്രക്കാരന്‍ എത്തിയത് വിമാനകമ്പനിയുടെ അശ്രദ്ധ മൂലമാണെന്നും നടപടിയെടുക്കാനുള്ള ഔദ്യോഗിക നിര്‍ദേശം ബന്ധപ്പെട്ട അധികാരികള്‍ക്ക് നൽകിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 15, 2025 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വിസയും പാസ്പോർട്ടും ഇല്ലാത്ത യാത്രക്കാരനെ പാക് വിമാനം ഇറക്കിയത് സൗദി അറേബ്യയിൽ