ഇന്തോ – ജപ്പാനീസ് കലാരംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ചിത്രകാരി ഹിരോകോ തകായാമ, ജാപ്പനീസ് എഴുത്തുകാരനും ഹിന്ദി, പഞ്ചാബി ഭാഷാ വിദഗ്ധനുമായ പത്മശ്രീ ഡോ. തോമിയോ മിസോകാമി എന്നിവരുമായാണ് പ്രധാനമന്ത്രി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഊഷ്മളമായി നിലനിർത്താൻ പ്രധാന പങ്കു വഹിക്കുന്നവരാണ് തകായാമയും മിസോകാമിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം ഊട്ടിയുറപ്പിക്കാൻ വലിയ സംഭാവനകൾ നടത്തിയിട്ടുള്ള ഇരുവരോടും പ്രധാനമന്ത്രി നേരിട്ട് കൃതജ്ഞത അറിയിച്ചു.
‘മുൻനിര ജാപ്പനീസ് ചിത്രകാരനായ ഹിരോകോ തകായാമയുമായി പ്രധാനമന്ത്രി മോദി ഊഷ്മളമായ സംഭാഷണത്തിൽ ഏർപ്പെട്ടു. തൻ്റെ ചിത്രങ്ങളിൽ ഇന്ത്യയുടെ അന്തഃസ്സത്ത ഉൾക്കൊള്ളിക്കുന്നതിനും ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിലും തകായാമ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.’ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. എഴുത്തുകാരനായ മിസോകാമിയുമായി പ്രധാനമന്ത്രി മോദി ഹിന്ദിയിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സാഹിത്യം ജപ്പാനിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതിനും മിസോകാമിയോടുള്ള കൃതജ്ഞത പ്രധാനമന്ത്രി അറിയിച്ചു. ‘പ്രൊഫസർ തൊമിയോ മിസോകാമിയുമായി ഹിരോഷിമയിൽ വച്ച് സംസാരിക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പത്മ അവാർഡ് ജേതാവായ അദ്ദേഹം, ഹിന്ദി, പഞ്ചാബി ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുള്ളയാളാണ്. ജപ്പാനിലെ ജനങ്ങൾക്കിടയിൽ ഇന്ത്യൻ സംസ്‌കാരവും സാഹിത്യവും പ്രചരിപ്പിക്കാൻ അദ്ദേഹം വളരെയധികം പ്രയത്‌നിച്ചിട്ടുണ്ട്.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന കലാകാരി ശ്രീ ഹിരോകോ തകായാമയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി അവർ ധാരാളം പ്രവർത്തിക്കുന്നുണ്ട്. ശ്രീ തകായാമ തൻ്റെ ചില ചിത്രങ്ങളും എനിക്കു സമ്മാനിച്ചു.’ ചിത്രകാരി തകായാമയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു. താൻ സമ്മാനിച്ച ചിത്രം ‘അതിമനോഹര’മായിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതായി തകായാമ പറയുന്നു.
ചിത്രം സ്വീകരിക്കാൻ സാധിച്ചതിൽ താൻ അങ്ങേയറ്റം സന്തോഷവാനാണെന്നും മോദി അറിയിച്ചതായി തകായാമ കൂട്ടിച്ചേർത്തു. ഇന്ത്യൻ സ്ത്രീകളിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്നവയാണ് തകായാമയുടെ ചിത്രങ്ങൾ. ഇന്ത്യൻ സ്ത്രീകളെ പ്രതിപാദ്യമായി എടുത്തുകൊണ്ട് ജീവിതത്തെക്കുറിച്ചുള്ള രചനകൾ തകായാമ നടത്താറുണ്ട്.
’42 വർഷം മുൻപാണ് ഞാൻ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്നത്. ഇവിടുത്തെ മണ്ണിൽ ജീവിക്കുന്ന ജനങ്ങളുടെ ഉത്സാഹവും പ്രസരിപ്പും എന്നെ വല്ലാതെ ആകർഷിച്ചു. അന്നുമുതൽ ഞാൻ ഇവിടുത്തുകാരുടെ ഊർജ്ജവും പ്രാർത്ഥനകളും എൻ്റെ ജീവിതത്തിൽ ഉൾച്ചേർക്കുന്നുണ്ട്. അവരിൽ നിന്നും ഞാൻ സ്വീകരിച്ചിട്ടുള്ള സംസ്‌കാരവും ഇപ്പോൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്.’ തകായാമയെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഹിരോഷിമയിൽ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ, തോമിയോ മിസോകാമി പ്രധാനമന്ത്രിയ്ക്കായി ഒരു പുസ്തകവും സമ്മാനിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.