ഇന്റർഫേസ് /വാർത്ത /World / മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ഹിരോഷിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു

മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ഹിരോഷിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു

ഹിരോഷിമയിലെ പീസ് പാര്‍ക്കിലാണ് പ്രതിമ അനാഛാദനം ചെയ്തത്

ഹിരോഷിമയിലെ പീസ് പാര്‍ക്കിലാണ് പ്രതിമ അനാഛാദനം ചെയ്തത്

ഹിരോഷിമയിലെ പീസ് പാര്‍ക്കിലാണ് പ്രതിമ അനാഛാദനം ചെയ്തത്

  • Share this:

ടോക്കിയോ: ഹിരോഷിമയില്‍ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ അനാഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിരോഷിമയിലെ പീസ് പാര്‍ക്കിലാണ് പ്രതിമ അനാഛാദനം ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകം എന്ന നിലയില്‍ ഇന്ത്യ മഹാത്മാഗാന്ധിയുടെ പ്രതിമ ജപ്പാന് സമ്മാനിക്കുകയായിരുന്നു. 42 ഇഞ്ച് നീളമുള്ള വെങ്കല പ്രതിമയാണിത്. പ്രശസ്ത ശില്‍പ്പിയും പത്മഭൂഷണ്‍ ജേതാവുമായ രാം വാഞ്ചി സുതര്‍ ആണ് പ്രതിമ ഡിസൈന്‍ ചെയ്തതെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു.” സാഹൃദത്തിന്റെ പ്രതീകം. ഹിരോഷിമയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു” , എന്നാണ് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തത്.

ഹിരോഷിമയിലെ പ്രശസ്തമായ അണുബോംബ് സ്മാരകത്തിന് അടുത്തുള്ള മോട്ടോയാസു നദിയോട് ചേര്‍ന്നാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും സന്ദര്‍ശനം നടത്തുന്ന സ്മാരകം കൂടിയാണിത്.” അഹിംസ, സാഹോദര്യം എന്നിവയെ പ്രതിനിധാനം ചെയ്താണ് ഈ സ്ഥലത്ത് തന്നെ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സമാധാനത്തിനും അഹിംസയ്ക്കുമായി ജീവിതം ഉഴിഞ്ഞ് വെച്ചയാളാണ് ഗാന്ധിജി. ഗാന്ധിജിയുടെ തത്വങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കൂടിയാണിത്”, കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജപ്പാനിലെ നിരവധി പ്രമുഖരും ജനപ്രതിനിധികളും പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് നക്താനി ജെന്‍, ഹിരോഷിമ സിറ്റി മേയര്‍ കസുമി മാറ്റൂസി, ഹിരോഷിമ സിറ്റി ജനപ്രതിനിധി സഭ സ്പീക്കര്‍ താറ്റ്‌സുനോറി മോട്ടാനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഹിരോഷിമയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും സര്‍ക്കാരുദ്യോഗസ്ഥരും ഇന്ത്യന്‍ പൗരന്‍മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജി-7 കൂട്ടായ്മയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തിയത്. ക്വാഡ് നേതാക്കളുടെ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുക്കും. ആഗോളവെല്ലുവിളികളെപറ്റിയും അവ പരിഹരിക്കുന്നതിനെപ്പറ്റിയും ലോക നേതാക്കളുമായി അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ജപ്പാനിലെ ഹിരോഷിമയിലെത്തിയത്. ശേഷം പാപ്പൂവ ന്യൂഗിനിയ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിധോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും മോദി കൂടിക്കാഴ്ചയില്‍ സംസാരിച്ചിരുന്നു. ജി-7, ജി-20 കുട്ടായ്മകളിലൂടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ശബ്ദമുയര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിനെപ്പറ്റിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

Also read- ലണ്ടനിലെ 38 വർഷം പഴക്കമുള്ള അറബിക് സ്‌കൂൾ സൗദി അറേബ്യ അടച്ച് പൂട്ടുന്നു

ജപ്പാനിലെ മുതിര്‍ന്ന നേതാക്കളും ഇന്ത്യന്‍ ഉദ്യോഗസ്ഥരും എയര്‍പോര്‍ട്ടിലെത്തി ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നല്‍കിയത്. ജപ്പാനിലെ ഇന്ത്യന്‍ വംശജരുടെ പ്രതിനിധികളും സ്വീകരണത്തിനെത്തിയിരുന്നു. ഇന്ത്യന്‍ വംശജരുമായി സംവദിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തിയിരുന്നു. മെയ് 19 മുതല്‍ 21 വരെയാണ് നരേന്ദ്രമോദിയുടെ ഹിരോഷിമ സന്ദര്‍ശനം. ജി-70 സമ്മേളനത്തില്‍ ഭക്ഷണം, ഊര്‍ജ സുരക്ഷ, എന്നിവയില്‍ ആഗോള തലത്തില്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: Gandhiji, Japan, PM narendra modi, Statue