• HOME
  • »
  • NEWS
  • »
  • world
  • »
  • ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ; നിയമത്തിന് അം​ഗീകാരം

ജാതി വിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ; നിയമത്തിന് അം​ഗീകാരം

വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള നിയമത്തിന് അം​ഗീകാരമായത്

  • Share this:

    ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ നിയമപരമായി നിരോധിച്ച ആദ്യ അമേരിക്കൻ നഗരമായി സിയാറ്റിൽ (Seattle). വോട്ടിങ്ങിലൂടെയാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനുള്ള നിയമത്തിന് അം​ഗീകാരമായത്. ജോലിസ്ഥലങ്ങളിലും, ടെക് മേഖലയിലും രാജ്യമെമ്പാടുള്ള നഗരങ്ങളിലും ജാതി വിവേചനം നിലനിൽക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

    ഏതെങ്കിലുമൊരു സമുദായത്തെ ഒറ്റപ്പെടുത്താനല്ല ഈ ഓർഡിനൻസ് എന്നും ജാതി വിവേചനം ദേശീയവും മതപരവുമായ അതിരുകളെല്ലാം മറികടന്ന് വ്യാപിച്ചതായും സോഷ്യലിസ്റ്റും സിറ്റി കൗൺസിലിലെ ഏക ഇന്ത്യൻ-അമേരിക്കൻ അംഗവുമായ ക്ഷമ സാവന്ത് പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിയമവിരുദ്ധമാക്കാൻ ആവശ്യപ്പെട്ടും, ജന്മസ്ഥലമോ വംശമോ അടിസ്ഥാനമാക്കി ആളുകളോട് വിവേചനം കാണിക്കുന്നത് തെറ്റാണെന്നു ചൂണ്ടിക്കാട്ടിയും അമേരിക്കയിലെ പ്രവാസി കൂട്ടായ്മകൾ ശബ്ദമുയർത്തിയിരുന്നു.

    Also read- ‘യൂറോപ്യന്‍ ചിന്താഗതി’: എസ്. ജയശങ്കർ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍

    എന്നാൽ ഇത്തരം നിയമനിർമാണങ്ങൾ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് വാദിച്ച് രാജ്യത്തെ ചില ഹൈന്ദവ സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ ജാതി വിവേചനം ദേശീയതയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ കടക്കുകയാണെന്നും ഇത്തരം നിയമങ്ങളില്ലാതെ യുഎസിൽ ജാതി വിവേചനം നേരിടുന്നവർക്ക് സംരക്ഷണം ലഭിക്കില്ലെന്നും നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു.

    അമേരിക്കയിൽ ജാതിവിവേചനങ്ങൾ വ്യാപിക്കുന്നത് തടയാൻ ഇത്തരം നിയമ നിർമാണം ആവശ്യമാണെന്നും സിറ്റി കൗൺസില്‍ വിലയിരുത്തി. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് അമേരിക്ക. ഇവിടുത്തെ ഇന്ത്യക്കാരുടെ എണ്ണം 1980-ൽ ഏകദേശം 206,000 ആയിരുന്നുവെങ്കിൽ 2021-ൽ അത് ഏകദേശം 2.7 ദശലക്ഷമായി വളർന്നു. 5.4 ദശലക്ഷം സൗത്ത് ഏഷ്യക്കാർ അമേരിക്കയിൽ ഇപ്പോൾ ഉണ്ടെന്ന് ദക്ഷിണേഷ്യൻ അമേരിക്കക്കാർ നയിക്കുന്ന ഒരു ഗ്രൂപ്പ് പറയുന്നു.

    Also read- ‘കുടുംബം സുരക്ഷിതരാണോ’? ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 11 ദിവസത്തിനു ശേഷം രക്ഷപ്പെട്ട യുവാവിന്റെ ആദ്യ ചോദ്യം

    2010-ലെ സെൻസസ് പ്രകാരം ഇത് 3.5 ദശലക്ഷം ആയിരുന്നു. ഇതിൽ ഭൂരിഭാ​ഗം ആളുകളും ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ജാതി വിവേചനം നിരോധിക്കാൻ നിരവധി കോളേജുകളും സർവകലാശാലകളും പ്രത്യേകം നിയമങ്ങൾ കൊണ്ടുവന്നിരുന്നു. 2019 ഡിസംബറിൽ, ബോസ്റ്റണിനടുത്തുള്ള ബ്രാൻഡീസ് യൂണിവേഴ്സിറ്റി ജാതി വിവേചനം നിരോധിച്ച അമേരിക്കയിലെ ആദ്യത്തെ കോളേജായി മാറി.

    കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കോൾബി കോളേജ്, ബ്രൗൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഡേവിസ് എന്നിവരെല്ലാം പിന്നീട് ജാതി വിവേചനത്തിന് എതിരെ സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2021 ൽ, ഹാർവാർഡ് യൂണിവേഴ്സിറ്റി, വിദ്യാർത്ഥി യൂണിയനുമായുള്ള ചർച്ചകളെത്തുടർന്ന് ജാതി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. ജാതി വിവേചനത്തിനെതിരെയുള്ള നിയമത്തെ പിന്തുണച്ച് സിയാറ്റിലിലും പുറത്തുമുള്ള ദളിത് പ്രവർത്തകർ രം​ഗത്തെത്തി.

    Also read- ഇന്ത്യ – യുഎഇ നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കാൻ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍; ആസ്ഥാനം അബുദാബി

    ഇവർ സിയാറ്റിൽ സിറ്റി ഹാളിൽ റാലി നടത്തിയതായി കാലിഫോർണിയ ആസ്ഥാനമായുള്ള ഇക്വാലിറ്റി ലാബ്‌സിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തേൻമൊഴി സൗന്ദരരാജൻ പറഞ്ഞു. അതിനിടെ, നിയമത്തെ എതിർത്ത് ചില ഹിന്ദു അമേരിക്കൻ സംഘടനകൾ രംഗത്തെത്തി. നടപടി അനാവശ്യമാണെന്നും അമേരിക്കയിൽ നിലവിലുള്ള നിയമപ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും നിരോധനം ഉണ്ടെന്നും ഇവർ പറയുന്നു.

    Published by:Vishnupriya S
    First published: