• HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യ - യുഎഇ നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കാൻ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍; ആസ്ഥാനം അബുദാബി

ഇന്ത്യ - യുഎഇ നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കാൻ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍; ആസ്ഥാനം അബുദാബി

ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ത്യ-യുഎഇ കോംപ്രിഹെന്‍സീവ് ഇക്കോണമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റിന്റെ (സിഇപിഎ) വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം

  • Share this:

    ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരവും നിക്ഷേപ അന്തരീക്ഷവും ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ-യുഎഇ ബിസിനസ്സ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ത്യ-യുഎഇ കോംപ്രിഹെന്‍സീവ് ഇക്കോണമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റിന്റെ (സിഇപിഎ) വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം.

    യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയുദി പദ്ധതി ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

    ഇന്ത്യ-യുഎഇ വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുക, ഇന്ത്യയിലെ യുഎഇ നിക്ഷേപം 75 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഈ ബിസിനസ്സ് കൗണ്‍സില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളിലെയും സംരംഭകരെ പ്രോത്സാഹിപ്പിക്കാനും ബിസിനസ്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതാണ്.

    ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയുദി പറഞ്ഞു.

    Also read: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി ഭൂകമ്പ ബാധിതർക്കായി പാകിസ്ഥാൻ തിരിച്ചയച്ചു

    ഉഭയകക്ഷി വ്യാപാരങ്ങളിലും നിക്ഷേപങ്ങളിലും ഇരു രാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നൂതന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യയും യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ബിസിനസ്സ് കൗണ്‍സില്‍ സഹായിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇ ബിസിനസ്സ് കൗണ്‍സില്‍ സ്ഥാപകരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    2015 സെപ്റ്റംബറിലാണ് യുഎഇ ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ ആരംഭിച്ചത്. ഷെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍, അന്നത്തെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഈ സംരംഭം ആരംഭിച്ചത്.

    നിലവില്‍ ഇന്ത്യ-യുഎഇ ബിസിനസ്സ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ മേല്‍നോട്ടത്തില്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് കീഴിലാകും പ്രവര്‍ത്തിക്കുക. അബുദാബിയിലാണ് ഇതിന്റെ ആസ്ഥാനം. ഇന്ത്യ-യുഎഇ വ്യാപാര-നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്ന തരത്തിലാകും ഈ ഓഫീസിന്റെ പ്രവര്‍ത്തനം.

    അതേസമയം, കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാനായി വ്യവസായി ഫൈസല്‍ കോട്ടിക്കോളനെയാണ് നിയമിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. നിക്ഷേപ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകള്‍, സാങ്കേതിക രംഗത്തെ വികസന പദ്ധതികള്‍, എന്നിവ ഇതിലുള്‍പ്പെടുന്നു. ഡിപി വേള്‍ഡിന്റെ സിഇഒയും എംഡിയുമായ റിസ്‌വാന്‍ സൂമര്‍ ആണ് ബിസിനസ്സ് കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍.

    യുഎഇ-ഇന്ത്യ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിനായുള്ള പ്രധാന സ്ഥാനമായി ഈ പദവിയെ കാണുന്നുവെന്നും റിസ്വാന്‍ സൂമര്‍ പറഞ്ഞു.

    Published by:user_57
    First published: