തുർക്കിയിൽ രണ്ടാഴ്ച്ച മുമ്പുണ്ടായ ഭൂകമ്പത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ഭൂകമ്പമുണ്ടായി തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ നിന്ന് 11 ദിവസം കഴിഞ്ഞാണ് മുസ്തഫ അവ്സി എന്ന 33 കാരനെ പുറത്തെടുത്തത്. വെള്ളമോ ഭക്ഷണമോ ആവശ്യത്തിന് വായുവോ ലഭിക്കാതെയാണ് 261 മണിക്കൂർ മരണത്തോട് പോരാടി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പ്രാഥമിക ചികിത്സ ലഭിച്ച് സംസാരിക്കാമെന്ന അവസ്ഥയിലെത്തിയതോടെ മുസ്തഫ ആദ്യം അന്വേഷിച്ചത് തന്റെ കുടുംബത്തെയാണ്. തുർക്കിയിൽ ഭൂകമ്പമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മുസ്തഫയുടെ ഭാര്യ പ്രസവിച്ചത്. വെളിച്ചം കാണാതെ കോൺക്രീറ്റ് കൂനയ്ക്കിടയിൽ കഴിയുമ്പോൾ കുടുംബം ഈ ഭൂമിയിൽ ഇല്ല എന്നായിരുന്നു അദ്ദേഹം കരുതിയത്. കുഞ്ഞിനെ ഒരു നോക്കു കാണാൻ അവസരം നൽകാതെ ഭൂകമ്പം മുസ്തഫയേയും വിഴുങ്ങിയെന്ന് കുടുംബവും വിശ്വസിച്ചിരുന്നു.
Hatay’da enkaz altından 261’inci saatte, bu gece kurtarılan Mustafa, tıbbi müdahalenin ardından ilk olarak, telefon numarasını hatırladığı bir yakınını aradı. Kardeşimiz Mustafa’yı bu kadar iyi görmekten çok mutluyuz. pic.twitter.com/t0jrmH0M6r
— Dr. Fahrettin Koca (@drfahrettinkoca) February 16, 2023
രക്ഷാപ്രവർത്തകരിൽ ഒരാൾ നൽകിയ ഫോണിൽ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ തുർക്കി ആരോഗ്യമന്ത്രാലയത്തിന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം മുസ്തഫ ആദ്യമായി കുടുംബവുമായി സംസാരിക്കുന്ന വൈകാരിക രംഗങ്ങളാണ് വീഡിയോയിലുള്ളത്.
മുസ്തഫ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ ഫോണിൽ ബന്ധു പൊട്ടിക്കരയുന്നതും കേൾക്കാം. തന്നെയും കുടുംബത്തേയും ഒന്നിപ്പിച്ച രക്ഷാപ്രവർത്തകന്റെ കയ്യിൽ മുസ്തഫ ചുംബിക്കുന്നുണ്ട്. ദൈവം നിങ്ങളെ എല്ലാ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെയെന്നാണ് അദ്ദേഹം രക്ഷാപ്രവർത്തകരോട് നന്ദിയോടെ പറയുന്നത്.
Also Read- ഒമ്പത് ദിവസം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; അമ്മയെയും മക്കളെയും ജീവനോടെ പുറത്തെടുത്തു
ഭൂകമ്പത്തിൽ കുടുംബത്തിലെ എല്ലാവരും രക്ഷപ്പെട്ടോയെന്നാണ് ബന്ധുവിനോട് മുസ്തഫ ആദ്യം അന്വേഷിച്ചത്. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അവരുടെ ശബ്ദം കേൾക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. എത്രയും പെട്ടെന്ന് കുടുംബത്തിനടുത്തേക്ക് എത്തണമെന്നായിരുന്നു മുസ്തഫയുടെ ആഗ്രഹം. ഒരിക്കലും കാണില്ലെന്ന് കരുതിയ മകളെ വാരിയെടുത്ത് നൂറുമ്മകൾ നൽകണം. ഇതുമാത്രമായിരുന്നു മുസ്തഫയുടെ ആഗ്രഹം.
Also Read- തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു
ഫെബ്രുവരി ഇരുപതിന് ആശുപത്രിയിൽ മുസ്തഫയെ കാണാൻ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ഭാര്യയും കുടുംബവുമെത്തി. മകളെ കോരിയെടുത്ത് ചുംബനം നൽകുന്ന മുസ്തഫയുടെ ചിത്രം ഡെയിലി മെയിൽ പുറത്തുവിട്ടിരുന്നു.
ഭൂകമ്പമുണ്ടായി 228 മണിക്കൂറിന് ശേഷം യുവതിയെയും അവരുടെ രണ്ട് മക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഏതാണ് ദിവസം എന്നായിരുന്നു രക്ഷാപ്രവർത്തകരോട് യുവതിയുടെ ആദ്യ ചോദ്യം.
ഭൂകമ്പം വിതച്ച നാശങ്ങൾക്കിടയിൽ തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും വരുന്ന ഇത്തരം ആശ്വാസ വാർത്തകളാണ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഭൂമിക്കു മുകളിൽ അതികായരായി സ്വയം കരുതുന്ന മനുഷ്യൻ എത്ര നിസ്സാരരാണെന്ന് നാം തിരിച്ചറിയുന്ന നിമിഷങ്ങൾ.
ഇതിനിടയിൽ കൂടുതൽ ആശങ്കയുണ്ടാക്കി തുർക്കിയിൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഭൂചലനമുണ്ടായി. തെക്കൻ പ്രവിശ്യയായ ഹതായിലാണ് ഭൂചലനം ഉണ്ടായത്. റിക്സടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.