'യൂറോപ്യന്‍ ചിന്താഗതി': എസ്. ജയശങ്കർ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ ഏറെ ചര്‍ച്ചയായ യുറോപ്യന്‍ ചിന്താഗതി പരാമര്‍ശത്തെ പിന്തുണച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കഴിഞ്ഞവര്‍ഷം സ്ലോവാക്യയില്‍ നടന്ന ഗ്ലോബ്‌സെക് ബ്രാറ്റിസ്ലാവ ഫോറത്തില്‍ വെച്ചാണ് എസ്. ജയശങ്കര്‍ ഏറെ ചര്‍ച്ചയായ പരാമര്‍ശം നടത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിലെ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എസ്. ജയശങ്കര്‍.
‘യൂറോപ്പിന്റെ പ്രശ്‌നങ്ങളാണ് ലോകത്തിന്റെ പ്രശ്‌നങ്ങള്‍ എന്ന ചിന്താഗതി മാറണം. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ യൂറോപ്പിന്റെ പ്രശ്‌നങ്ങളായി കാണുന്നില്ല,’ എന്നായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ജയശങ്കറിന്റെ ഈ പ്രസ്താവനയില്‍ കാര്യമുണ്ടെന്നാണ് ഇപ്പോൾ ഒലാഫ് ഷോൾ വ്യക്തമാക്കിയിരിക്കുന്നത്. യുറോപ്യന്‍ ചിന്താഗതിയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന ഇത്തവണത്തെ മ്യൂണിച്ച് സെക്യൂരിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്. അന്തര്‍ദേശീയ പ്രശ്‌നങ്ങളില്‍ സ്വന്തം നിയമം നടപ്പിലാക്കുകയാണെങ്കില്‍ അതില്‍ നിന്നുമുണ്ടാകുന്ന പ്രതിസന്ധികള്‍ യൂറോപ്പിനെ മാത്രമായിരിക്കില്ല ബാധിക്കുക,’ ഒലാഫ് ഷോള്‍സ് പറഞ്ഞു.
advertisement
എല്ലാ രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ജി-7 ഉച്ചകോടിയില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. റഷ്യ-യുക്രൈന്‍ പ്രതിസന്ധി, കൊവിഡ് മഹാമാരിയുടെ ഫലം, എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ഈ പ്രദേശങ്ങളെ പിന്താങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഒലാഫ് ഷോള്‍സ് കൂട്ടിച്ചേര്‍ത്തു.
യുക്രൈനെ സഹായിക്കാന്‍ നിങ്ങള്‍ മറ്റുള്ളവരോടൊപ്പം നില്‍ക്കാത്ത സാഹചര്യത്തില്‍, ചൈനയുമായി ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ സഹായിക്കണമെന്ന് എന്തുകൊണ്ടാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗ്ലോബ്‌സെക്ക് ബ്രാറ്റിസ്ലാവയില്‍ ജയശങ്കറിനോട് ചോദ്യമുയര്‍ന്നിരുന്നു. യൂറോപ്യന്‍ ചിന്താഗതി തന്നെയാണ് ഇതിന് ഉത്തരമായി അദ്ദേഹം പറഞ്ഞത്.
advertisement
”യൂറോപ്പില്‍ പൊതുവെ ഒരു ചിന്താരീതിയുണ്ട്. യുറോപ്പിന്റെ പ്രശ്‌നങ്ങള്‍ ലോകത്തിന്റെ തന്നെ പ്രശ്‌നമാണെന്നും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ യൂറോപ്പിന്റേത് അല്ലെന്നും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക്. എന്നാല്‍ എനിക്കാണെങ്കില്‍ അത് ഞങ്ങളുടെ പ്രശ്‌നമാണ്. ആ പ്രതിഫലനം എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്,’ എന്നാണ് എസ് ജയശങ്കര്‍ പറഞ്ഞത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 22, 2023 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'യൂറോപ്യന്‍ ചിന്താഗതി': എസ്. ജയശങ്കർ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍