ബിക്കിനി ധരിച്ച സ്ത്രീകൾക്കൊപ്പമുള്ള സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രത്തിന് കുടുംബത്തിൻ്റെ മറുപടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
2006 മാർച്ചിൽ സെന്റ് തോമസിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ്-കാൾട്ടണിൽ നടന്ന ക്വാണ്ടം കോസ്‌മോളജി സംബന്ധിച്ച ഒരു ശാസ്ത്ര സെമിനാറിനിടെ എടുത്തതാണ് ചിത്രമെന്നാണ് കുടുംബം നൽകുന്ന വിവരം
എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി പുറത്തുവന്ന ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചിത്രത്തിന് മറുപടിയുമായി കുടുംബം. ഒരു റിസോർട്ട് എന്ന് തോന്നിക്കുന്ന സ്ഥലത്ത് നീല നിറത്തിലുള്ള ലോഞ്ച് ചെയറിൽ കൈയിൽ ഒരു ചുവന്ന കോക്‌ടെയിലുമായി പുഞ്ചിരിച്ചിരിക്കുന്ന ഹോക്കിംഗിം ഇരുവശത്തുമായി ബിക്കിനി ധരിച്ച രണ്ട് സ്ത്രീകളുമായിരുന്നു ചിത്രത്തിലുള്ളത്. ചിത്രത്തിലുള്ളത് ഹോക്കിംഗിന്റെ ദീർഘകാലമായുള്ള പരിചാരകരാണെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ വിശദീകരണം.
2006 മാർച്ചിൽ സെന്റ് തോമസിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സ്-കാൾട്ടണിൽ നടന്ന ക്വാണ്ടം കോസ്‌മോളജി സംബന്ധിച്ച ഒരു ശാസ്ത്ര സെമിനാറിനിടെ എടുത്തതാണ് ഈ ചിത്രമെന്നാണ് ഹോക്കിംഗിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രതിനിധി നൽകുന്ന വിവരം. എപ്‌സ്റ്റീൻ ധനസഹായം നൽകി സംഘടിപ്പിച്ച ഈ പരിപാടിയിൽ അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ ഇരുപതോളം ശാസ്ത്രജ്ഞർ പങ്കെടുത്തതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലുള്ള രണ്ട് സ്ത്രീകൾ ഹോക്കിംഗിന്റെ കൂടെ യുകെയിൽ നിന്നെത്തിയ പരിചാരകരാണെന്നും മോട്ടോർ ന്യൂറോൺ രോഗബാധിതനായിരുന്ന അദ്ദേഹത്തിന് വീൽചെയറും വെന്റിലേറ്ററും വോയ്‌സ് സിന്തസൈസറും ഉൾപ്പെടെയുള്ള മുഴുവൻ സമയ വൈദ്യസഹായവും ഉറപ്പാക്കിയിരുന്നത് ഇവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന സൂചനകൾ തികച്ചും തെറ്റായതും അവിശ്വസനീയവുമാണെന്ന് ഹോക്കിംഗിന്റെ കുടുംബ വക്താവ് ബ്രിട്ടീഷ് മാധ്യമത്തോട് പറഞ്ഞു. ഈ ചിത്രം ആരാണ് എടുത്തതെന്നോ ഇത് എങ്ങനെ എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ഉൾപ്പെട്ടുവെന്നോ ഉള്ള കാര്യത്തിൽ പ്രതികരിക്കാൻ കുടുംബം വിസമ്മതിച്ചു. എന്നിരുന്നാലും, ശാസ്ത്രജ്ഞനെതിരെയുള്ള ഏതൊരു ആരോപണവും അടിസ്ഥാനരഹിതമാണെന്ന് അവർ ആവർത്തിച്ചു.
എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ വീണ്ടും പൊതുപരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ഈ ചിത്രം പുറത്തുവന്നത്. കോടതി രേഖകളിലും സമ്പർക്ക വിവരങ്ങളിലും ഹോക്കിംഗിന്റെ പേര് 250-ലധികം തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. 2015 ജനുവരിയിൽ എപ്‌സ്റ്റീൻ തന്റെ കൂട്ടാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന് അയച്ച ഇമെയിലിൽ ഹോക്കിംഗിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
advertisement
ജീവിതകാലത്ത് ഹോക്കിംഗ് ഒരിക്കലും ഇത്തരം ആരോപണങ്ങളോ നിയമനടപടികളോ നേരിട്ടിട്ടില്ല. 2018 മാർച്ചിൽ 76-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതേസമയം, പെൺവാണിഭവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായിരുന്ന എപ്‌സ്റ്റീൻ 2019-ൽ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. ഇരകളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയുള്ള വിവരങ്ങൾ മാത്രമാണ് രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്നും പ്രശസ്തരായ വ്യക്തികളുടെയോ രാഷ്ട്രീയക്കാരുടെയോ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 26, 2026 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബിക്കിനി ധരിച്ച സ്ത്രീകൾക്കൊപ്പമുള്ള സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രത്തിന് കുടുംബത്തിൻ്റെ മറുപടി










