പൊതുസ്ഥലത്ത് വെച്ച് പുരുഷന്‍മാര്‍ സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടും; താലിബാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
2021 ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം നിയമങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്
കാബൂള്‍: പൊതുസ്ഥലത്ത് വെച്ച് പുരുഷന്‍മാര്‍ സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടുമെന്ന് താലിബാന്‍. വീടിന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍ മുഖം മറച്ചിരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതന്‍മാര്‍ പറയുന്നുണ്ടെന്നും താലിബാന്‍ സര്‍ക്കാരിലെ പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു.
2021 ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം നിയമങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയത്. പൊതുസ്ഥലങ്ങളിലും സര്‍വകലാശാലകളിലും ജോലിസ്ഥലങ്ങളിലും മുഖാവരണമില്ലാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നും താലിബാന്‍ ഉത്തരവിറക്കിയിരുന്നു.
സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമാകുന്നത് പാപമാണെന്നാണ് താലിബാന്റെ വൈസ് ആൻഡ് വെർച്യൂ (vice and virtue) മന്ത്രാലയത്തിന്റെ വക്താവ് മൗലവി മുഹമ്മദ് സാദിഖ് അകിഫ് പറഞ്ഞത്. ദി അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
advertisement
”ചില വലിയ നഗരങ്ങളില്‍ സ്ത്രീകള്‍ മുഖാവരണമില്ലാതെ നടക്കുന്നത് കണ്ടിട്ടുണ്ട്. ഇത് നാണക്കേടാണ്. സ്ത്രീകള്‍ തങ്ങളുടെ മുഖം മറയ്ക്കണമെന്ന് ഞങ്ങളുടെ മതാചാര്യന്‍മാരും പറയുന്നുണ്ട്,” അകിഫ് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു മൂല്യമുണ്ടെന്നും പുരുഷന്‍മാരുടെ നോട്ടം ആ മൂല്യം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിച്ച സ്ത്രീകള്‍ ബഹുമാനമര്‍ഹിക്കുന്നുവെന്നും അകിഫ് പറഞ്ഞു.
അതേസമയം അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിച്ച താലിബാനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രതിനിധി ഗോര്‍ഡന്‍ ബ്രൗണും രംഗത്തെത്തിയിരുന്നു.
advertisement
എന്നാല്‍ വിദ്യാഭ്യാസ നിരോധനത്തെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ പ്രതികരിക്കാന്‍ അകിഫ് തയ്യാറായില്ല. വിഷയത്തില്‍ അതത് വകുപ്പുകള്‍ നടപടിയെടുക്കുമെന്നായിരുന്നു അകിഫിന്റെ മറുപടി. ”ഇവിടെ ശരിയത്ത് നിയമം നടപ്പാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ശരിയ നിയമം നടപ്പാക്കുകയാണ് ഞങ്ങള്‍. 1400 വര്‍ഷം മുമ്പ് നിലവില്‍ വന്നതാണ് ശരിയ നിയമം. അത് ഇന്നും നിലനില്‍ക്കുന്നുണ്ട്,” എന്നും അകിഫ് പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുരുഷന്‍മാര്‍ സ്ത്രീകളെ ഉപദ്രവിക്കുകയും അവരെ തുറിച്ച് നോക്കുകയും ചെയ്തിരുന്നു. നിലവില്‍ അങ്ങനെയുള്ള ഒരു സംഭവവും നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിന്ന് മദ്യപാനം, ഡാന്‍സ് ബാര്‍ തുടങ്ങിയ തിന്മകളെ തുടച്ചുനീക്കിയെന്നും അകിഫ് പറഞ്ഞു. സമ്പന്നരായ പുരുഷന്‍മാര്‍ ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ നടത്തിയിരുന്ന ഇത്തരം പാര്‍ട്ടികളും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
കാബൂളിലെ ദാറുല്‍ അമന്‍ കൊട്ടാരവളപ്പിലാണ് വൈസ് ആൻഡ് വെർച്യൂ മന്ത്രാലയം സ്ഥിതി ചെയ്യുന്നത്. മന്ത്രാലയത്തിന് സമീപത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരുടെ ഒരു ശൃംഖലയുണ്ടെന്നും അകിഫ് പറഞ്ഞു. ”മാര്‍ക്കറ്റ്, പൊതുസ്ഥലങ്ങള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഞങ്ങളുടെ പ്രതിനിധികള്‍ പരിശോധന നടത്താറുണ്ട്. ആളുകളെ നിരീക്ഷിക്കുകയും ചെയ്യും. അവരുമായി സംസാരിക്കുകയും അവരെ ബോധവാന്‍മാരാക്കുകയും ചെയ്യും,” അകിഫ് കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളായ പാര്‍ക്കില്‍ പ്രവേശനം സാധ്യമാകുമോ എന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. ”അവിടെ പുരുഷന്‍മാരുടെ സാന്നിദ്ധ്യമില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പോകാം. സ്ത്രീകള്‍ പാര്‍ക്കില്‍ പോകരുതെന്നോ കായിക മത്സരങ്ങളില്‍ പങ്കെടുക്കരുതെന്നോ ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ക്ക് ഇതെല്ലാം ചെയ്യാന്‍ കഴിയും. എന്നാല്‍ ചില സ്ത്രീകള്‍ ആഗ്രഹിക്കുന്നത് പോലെ പുരുഷന്‍മാരുടെ ഇടയില്‍ അര്‍ദ്ധനഗ്നരായി ഇരുന്ന് ഇതൊന്നും ചെയ്യാനാകില്ല,” അകിഫ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 19, 2023 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
പൊതുസ്ഥലത്ത് വെച്ച് പുരുഷന്‍മാര്‍ സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടും; താലിബാന്‍