റിനി സമ്പത്ത്: വാഷിംഗ്ടൺ ഡിസിയിലെ മേയറാകാൻ ഇന്ത്യൻ പെൺകരുത്ത്; ചരിത്രം കുറിച്ച് ഒബാമയുടെ വിശ്വസ്ത
- Published by:SIBILI S
- news18-malayalam
Last Updated:
അമേരിക്കൻ തലസ്ഥാന നഗരിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥി എന്ന സവിശേഷതയോടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ടാണ് റിനി രാഷ്ട്രീയ രംഗത്തിറങ്ങുന്നത്.
ന്യൂഡൽഹി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയുടെ മേയർ തിരഞ്ഞെടുപ്പിൽ ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്നാട് സ്വദേശിനി റിനി സമ്പത്ത്. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിച്ചാണ് 31-കാരിയായ റിനി ജനവിധി തേടുന്നത്. അമേരിക്കൻ തലസ്ഥാന നഗരിയുടെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ സ്ഥാനാർത്ഥി എന്ന സവിശേഷതയോടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ടാണ് റിനി രാഷ്ട്രീയ രംഗത്തിറങ്ങുന്നത്.
ആരാണ് റിനി സമ്പത്ത്
തമിഴ്നാട്ടിലെ തേനിയിൽ ജനിച്ച റിനി, ഏഴ് വയസിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. തുടർന്ന് ബാല്യവും കൗമാരവും അവിടെയായിരുന്നു. സൗത്ത് കാലിഫോർണിയ സർവകലാശാലയിലായിരുന്നു ബിരുദം പൂർത്തിയാക്കിയത് (International relations and security studies). അമേരിക്കൻ സർക്കാർ ഏജൻസികൾക്ക് സേവനം നൽകുന്ന പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ ബൂസ് ആലൻ ഹാമിൽട്ടണിൽ സീനിയർ കൺസൾട്ടന്റായി പ്രവർത്തിച്ചു. നിലവിൽ വാഷിംഗ്ടൺ ഡി.സിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താരോസ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്.
റിനി സമ്പത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് റിനിയുടെ പ്രധാനലക്ഷ്യം. ഇക്കാര്യം പലതവണ റിനി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേയറായാൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തന്നെയായിരിക്കും മുൻഗണനയെന്ന് റിനി വ്യക്തമാക്കി. റോഡിലെ കുഴികൾ നികത്തൽ, നദികളിലേക്ക് ഒഴുകുന്ന മലിനജലം തടയുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
advertisement
ബറാക് ഒബാമയുടെ വിശ്വസ്ത
2016 ജൂൺ മുതൽ 2017 ജൂലൈ വരെ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് നാഷണൽ ക്യാംപസ് ലീഡർഷിപ്പ് കൗൺസിലിൽ പോളിസി ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ഒബാമയുടെ വിശ്വസ്തയായിരുന്നു റിനി സമ്പത്ത്.
ചരിത്രം തിരുത്താൻ
വാഷിംഗ്ടൺ ഡിസിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ ശക്തമാണ്. 1975-ൽ മേയർ തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം നഗരത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഒരാളും മേയറായിട്ടില്ല. റിനി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അതൊരു ചരിത്ര നിമിഷമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രൈമറി തിരഞ്ഞെടുപ്പ് ജൂൺ 16-നും പൊതുതിരഞ്ഞെടുപ്പ് നവംബർ മൂന്നിനും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Apr 04, 2026 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
റിനി സമ്പത്ത്: വാഷിംഗ്ടൺ ഡിസിയിലെ മേയറാകാൻ ഇന്ത്യൻ പെൺകരുത്ത്; ചരിത്രം കുറിച്ച് ഒബാമയുടെ വിശ്വസ്ത






