ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വിൽപനയ്ക്ക് വെച്ച യുവതി കുടുങ്ങി
Last Updated:
ഫേസ്ബുക്കിലെ ഒരു പരസ്യമാണ് ഒരു മാസമായി ഈജിപ്തിലെ ചർച്ചാ വിഷയം. ജനിക്കാനിരിക്കുന്ന തന്‍റെ കുഞ്ഞിനെ വിൽക്കാനുണ്ട് എന്ന ഒരു യുവതിയുടെ പരസ്യമാണ് വൈറലായത്. രണ്ടാഴ്ചയ്ക്കകം ജനിക്കുന്ന കുഞ്ഞിനെ വാങ്ങാൻ താൽപര്യമുള്ളവർ ഉണ്ടെങ്കിൽ സമീപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹനാ മൊഹമ്മദ് എന്ന യുവതി പോസ്റ്റിട്ടത്. മാതാപിതാക്കളിൽനിന്ന് നേരിട്ട് കുഞ്ഞിനെ ദത്തെടുക്കാമെന്നും, സ്വകാര്യ സന്ദേശത്തിലൂടെ സമീപിക്കണമെന്നും പോസ്റ്റിൽ യുവതി പറയുന്നു. താൽപര്യമുള്ളവർ മാത്രം സമീപിച്ചാൽ മതിയെന്നും പോസ്റ്റിലുണ്ട്. എന്നാൽ വലിയൊരു കുരുക്കിലാണ് ആ പരസ്യം തന്നെ എത്തിച്ചതെന്ന് ഹന വൈകാതെ മനസിലാക്കി.
ഏകദേശം ഒരു മാസം മുമ്പ് 'അഡോപ്റ്റ് എ ചൈൽഡ്' എന്ന പേജിൽ വന്ന പരസ്യം കണ്ട് ബന്ധപ്പെട്ടയാളോട് സംഗതി സത്യമാണെന്നും, 2000 ഈജിപ്ഷ്യൻ പൌണ്ട് നൽകിയാൽ കുഞ്ഞിനെ തരാമെന്നും യുവതി പറഞ്ഞു. എന്നാൽ ഇയാൾ കുഞ്ഞിനെ വാങ്ങാൻ വേണ്ടിയല്ല, മറിച്ച് യുവതിയുടെ പോസ്റ്റ് സത്യമാണോയെന്ന് അന്വേഷിക്കാനാണ് ബന്ധപ്പെട്ടത്. പരസ്യത്തിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതയുള്ളതാണെന്ന് അറിഞ്ഞതോടെ, ഈജിപ്തിലെ ചൈൽഡ് ഹെൽപ്പ് ലൈനെ ഇയാൾ വിവരമറിയിച്ചു. ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർ ഇതുസംബന്ധിച്ച പരാതി പ്രോസിക്യൂട്ടർ ജനറൽ ഓഫീസിന് അയച്ചുനൽകി. അലക്സാൻഡ്രിയ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ പരസ്യം ഇപ്പോഴും നിലനിൽക്കുന്നതായി യുവതിയുടെ ഭർത്താവ് അറിയിക്കുകയും ചെയ്തു.
advertisement
ശരീര അളവെടുക്കുന്നതിനിടെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുബായിൽ പാക് ജിം പരിശീലകൻ അറസ്റ്റിൽ
കുഞ്ഞിനെ ആവശ്യമുള്ളവരെന്ന വ്യാജേന പൊലീസ് സംഘം വേഷപ്രച്ഛന്നരായി ദമ്പതികളെ സമീപിച്ചപ്പോൾ പ്രസവം വരെ കാത്തിരിക്കാനായിരുന്നു മറുപടി. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഹനാ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവ ശേഷം പണവുമായെത്തിയപ്പോൾ കുഞ്ഞിനെ കൈമാറുന്നതിനിടെ ദമ്പതികളെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഹനാ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ഞുങ്ങളെ വിൽക്കുകയും തട്ടിയെടുക്കുകയും ചെയ്യുന്ന സംഘം ഈജിപ്തിൽ സജീവമാണ്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ മിസിങ് ചൈൽഡ് എന്ന ഗ്രൂപ്പ് വഴി കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ചില വെബ്സൈറ്റുകൾ വഴിയും കുഞ്ഞുങ്ങളെ വിറ്റിരുന്നു. കുഞ്ഞുങ്ങളുടെ വിശദവിവരങ്ങളും വിലയും പ്രദർശിപ്പിച്ചായിരുന്നു വിൽപന. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോളണ്ടിൽ താമസിക്കുന്ന അറബ് വംശജനാണ് ഈ വെബ്സൈറ്റിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2018 4:50 PM IST


