ജയിലിൽ ജോലി ചെയ്ത് ലഭിച്ച തുക ഗാസയ്ക്ക് സംഭാവന ചെയ്ത് തടവുകാരൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഹംസ എന്നയാളാണ് തനിക്ക് ശമ്പളമായി ലഭിച്ച പണം സംഭാവന ചെയ്തത്.
ഗാസ മുനമ്പിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ജയിലിൽ ജോലിചെയ്ത് ലഭിച്ച വേതനം സംഭാവനയായി നൽകി തടവുകാരൻ. കാലിഫോർണിയ ജയിലിൽ തടവിൽ കഴിയുന്ന ഹംസ എന്നയാളാണ് തനിക്ക് ശമ്പളമായി ലഭിച്ച 17.74 ഡോളർ (ഏകദേശം 1,468.62 രൂപ) സംഭാവന ചെയ്തത്. ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ ജസ്റ്റിൻ മഷ്റൂഫാണ് ഹംസ നൽകിയ സഹായത്തെക്കുറിച്ച് എക്‌സിൽ പങ്കുവെച്ചത്.
ജയിലിൽ കഴിയുന്ന ഒരു സഹോദരൻ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 17.74 ഡോളർ സംഭാവന ചെയ്തു എന്നാണ് അദ്ദേഹം എക്‌സിൽ അറിയിച്ചത്. ജയിലിൽ ചുമട്ടുതൊഴിലാളിയായും കാവൽക്കാരനായും ജോലി ചെയ്ത ഹംസയുടെ 136 മണിക്കൂർ അധ്വാനത്തിൻ്റെ തുകയാണ് അദ്ദേഹം ഗാസയ്ക്കായി നൽകിയതെന്നും മഷ്റൂഫ് പോസ്റ്റിൽ വ്യക്തമാക്കി. ഹംസ നൽകിയ സംഭാവനെ കുറിച്ചുള്ള പോസ്റ്റ് വൈറലായതോടെ അഭിഭാഷകരിൽ നിന്നും അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചു.
advertisement
അതേസമയം താൻ സമ്പാദിച്ച മുഴുവൻ തുകയും സംഭാവന നൽകിയ ഹംസയ്ക്ക് വേണ്ടി GoFundMe കാമ്പെയ്നിലൂടെ ധനസമാഹരണവും ആരംഭിച്ചു. ഒറ്റ ദിവസം കൊണ്ട് 1,00,000 ഡോളർ (82,79,480 രൂപ) ആണ് ക്യാമ്പയിൻ വഴി സമാഹരിച്ചത്. ഇതിലൂടെ 15,000 ഡോളർ (12,41,752 രൂപ) സ്വരൂപിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. നിലവിൽ ഇതിൽ കൂടുതൽ തുക ലഭ്യമായതോടെ താൽക്കാലികമായി ധനസമാഹരണം നിർത്തി വയ്ക്കുകയും ചെയ്തു.
കൂടാതെ തനിക്കായി സംഭാവനകൾ പിരിക്കുന്നത് നിർത്തിവയ്ക്കാൻ ഹംസയും അഭ്യർത്ഥിച്ചു. നിലവിൽ സമാഹരിച്ച തുക മതി എന്നും തന്നെക്കാൾ കൂടുതൽ ദുരിതമനുഭവിക്കുന്നവരിൽ നിന്ന് ശ്രദ്ധ തിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മഷ്റൂഫിനെ അറിയിച്ചു. 56-കാരനായ ഹംസ 1989-ൽ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ 40 വർഷത്തെ ജയിൽവാസത്തിന് ശേഷം ഈ മാസം അദ്ദേഹം ജയിൽ മോചിതനാകും.
advertisement
അബദ്ധത്തിൽ തന്റെ ബന്ധുവിന് നേരെ വെടിയുതിർക്കുകയും തുടർന്ന് കൊലപാതക കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത ആളാണ് ഹംസ . പതിറ്റാണ്ടുകളായി ഓരോ ദിവസവും സ്വന്തം തെറ്റ് കാരണം കുടുംബാംഗത്തെ നഷ്ടപ്പെട്ടതിൻ്റെ വേദനയിൽ കഴിയുകയാണ് അദ്ദേഹം. ജയിലിൽ ആയിരിക്കുമ്പോൾ ആണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ദശാബ്ദങ്ങളായി അദ്ദേഹം പരോളിനായി അപേക്ഷിച്ചിരുന്നു എങ്കിലും അത് എളുപ്പമായിരുന്നില്ല.
പിന്നീട് മുസ്ലീം സമുദായത്തിൽ നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് നിയമിച്ച ഒരു സ്വകാര്യ അഭിഭാഷകൻ കേസ് ഏറ്റെടുത്തതോടെയാണ് ഹംസയ്ക്ക് പരോൾ അനുവദിച്ചത്. "വർഷങ്ങളുടെ ഒറ്റപ്പെടലിനുശേഷം അന്തസ്സോടും സുരക്ഷിതത്വത്തോടും കൂടി സമൂഹത്തിലേക്ക് തിരിച്ചുവരാൻ നിങ്ങളുടെ സംഭാവനകൾ അദ്ദേഹത്തെ അനുവദിക്കും ,” എന്ന് മഷ്റൂഫ് കുറിച്ചു. GoFundMe ദാതാക്കളോട് ഹംസ നന്ദി അറിയിച്ചതായും മഷൂഫ് അറിയിച്ചു. " ജയിലിൽ നിന്ന് മോചിതനാകുമ്പോൾ എന്നെ സഹായിക്കാൻ ഈ ഫണ്ട് സംഭാവന ചെയ്ത നിങ്ങളുടെ ദയയ്ക്ക് എൻ്റെ ഹൃദയത്തിൽ നിന്ന് ഞാൻ നന്ദി പറയുന്നു. അതോടൊപ്പം ഈ സാഹചര്യത്തിൽ പലസ്തീൻ, യെമൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന ആളുകളെ കൂടി പരിഗണിക്കാനായി ഓരോരുത്തരോടും അപേക്ഷിക്കുന്നു. " എന്നും ഹംസ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 09, 2024 7:52 PM IST