• HOME
  • »
  • NEWS
  • »
  • world
  • »
  • 'ക്രൂരനായ കുറ്റവാളി'; ആരാണ് യെവ്‌ജെനി പ്രിഗോജിന്‍? ; പുടിന്റെ പിന്‍​ഗാമിയാകുമോ?

'ക്രൂരനായ കുറ്റവാളി'; ആരാണ് യെവ്‌ജെനി പ്രിഗോജിന്‍? ; പുടിന്റെ പിന്‍​ഗാമിയാകുമോ?

റഷ്യന്‍ പ്രസിഡന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിഗോജിന്‍ 'പുടിന്റെ ഷെഫ്' എന്ന പേരിലാണ് അറിയപ്പെടുന്നത്

  • Share this:

    മോസ്‌കോ: യുക്രെയ്‌നിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ റഷ്യന്‍ സൈന്യം കിണഞ്ഞ് പരിശ്രമിക്കുകയാണ്. യുക്രെയ്‌ന്‍ പ്രദേശമായ ബഖ്മൂത്ത് പിടിച്ചെടുക്കാനാണ് കഴിഞ്ഞ ആറുമാസമായി റഷ്യന്‍ സൈന്യം ശ്രമിക്കുന്നത്. എന്നാല്‍ യുക്രെയ്‌ന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള
    റഷ്യൻ സൈന്യത്തിന്റെ ശ്രമങ്ങള്‍ ഇതുവരം ഫലം കണ്ടിട്ടില്ല.

    ഈ പോരാട്ടങ്ങളിലൂടെയെല്ലാം ഉയര്‍ന്നുവന്ന ഒരു വ്യക്തിയെപ്പറ്റിയാണ് ഇനി പറയുന്നത്. റഷ്യന്‍ സേനയായ വാഗ്നര്‍ സഖ്യത്തിന്റെ തലവന്‍ യെവ്‌ജെനി പ്രിഗോജിൻ ആണ് ആ വ്യക്തി.

    സൈനികരെ നല്‍കുന്നു

    കഴിഞ്ഞ ഏഴ് മാസമായി ബാഖ്മൂത്തിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. റഷ്യയിലെ ജയിലുകളില്‍ നിന്നുള്ളവരാണ് ഇതിലെ സൈനികരില്‍ ഭൂരിഭാഗം പേരും. ബാഖ്മൂത്ത് യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കാണ് ഈ ഗ്രൂപ്പ് വഹിക്കുന്നത്.

    തടവുകാരെ വാഗ്നര്‍ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന സംഭവത്തിലെ പ്രധാന ആരോപണ വിധേയനാണ് പ്രിഗോജിന്‍. യുദ്ധത്തില്‍ ആറ് മാസം വരെ പോരാടിയാല്‍ ഇവര്‍ക്ക് പൊതുമാപ്പ് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് തടവുകാരെ വാഗ്നര്‍ ഗ്രൂപ്പിലേക്ക് ഇദ്ദേഹം റിക്രൂട്ട് ചെയ്തത്.

    ഈയടുത്ത് ബാഖ്മൂത്തില്‍ ബോംബിട്ട യുദ്ധ വിമാനത്തില്‍ താനുമുണ്ടായിരുന്നുവെന്ന് പ്രിഗോജിന്‍ പറഞ്ഞിരുന്നു. പിന്നീട് പ്രിഗോജിന്‍ യുദ്ധ വിമാനത്തിലിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയും ചെയ്തിരുന്നു. നിരന്തരമായ പോരാട്ടങ്ങള്‍ക്ക് ശേഷം ബാഖ്മൂത്തിലെ സോളെദാര്‍ നഗരം റഷ്യന്‍ സേന പിടിച്ചെടുത്തിരുന്നു.

    പെട്ടെന്നുള്ള വളര്‍ച്ച

    റഷ്യന്‍ പ്രസിഡന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രിഗോജിന്‍ ‘പുടിന്റെ ഷെഫ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. നിലവില്‍ പ്രിഗോജിന്റെ നേതൃത്വത്തിലുള്ള വാഗ്നര്‍ സൈന്യം 50000 പോരാളികളെയാണ് യുക്രെയ്‌ന്‍ പിടിച്ചെടുക്കാനായി അണിനിരത്തിയത്.

    2014ലാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന സൈന്യത്തിന് പ്രിഗോജിന്‍ രൂപം നല്‍കിയത്. പിന്നീട് യുക്രെയ്‌നെ വരുതിയിലാക്കാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ക്ക് ഇദ്ദേഹം പൂര്‍ണ്ണ പിന്തുണ നല്‍കി.

    യുക്രെയ്‌ന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് തങ്ങളുടെ ക്രൂര നടപടികൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഗ്രൂപ്പായിരുന്നു പ്രിഗോജിന്റെ വാഗ്നര്‍ ഗ്രൂപ്പ്. കൂട്ടക്കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ക്രൂരമായ അതിക്രമങ്ങള്‍ എന്നിവ നടത്തിയ സംഘമായിരുന്നു ഇത്.

    പുടിന്റെ സംഘത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയാണ് പ്രിഗോജിന്‍ എന്നാണ് റഷ്യയിലെ പുടിന്‍ വിമര്‍ശകനായ അലക്‌സി നവാല്‍നിയുടെ അടുത്ത സുഹൃത്ത് ലിയോനിഡ് വോള്‍ക്കോവ് പറയുന്നത്.

    റഷ്യയിലെ പ്രിഗോജിന്റെ ഈ പ്രശസ്തിയെ അതീവ ജാഗ്രതയോടെയാണ് പാശ്ചാത്യലോകം കാണുന്നത്. അതിനെതുടര്‍ന്നാണ് വാഗ്നര്‍ ഗ്രൂപ്പിനെ ഒരു ക്രിമിനല്‍ സംഘമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. വാഗ്നര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി യുറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു.

    പ്രിഗോജിന്റെ നേതൃത്വത്തില്‍ യുക്രെയ്‌നില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് 50000ലധികം പോരാളികളാണ്. റഷ്യയിലും പ്രിഗോജിന്റെ രാഷ്ട്രീയ സ്വാധീനം വലുതാതാണ്. പ്രിഗോജിൻ പുടിന്റെ പിന്‍മുറക്കാരാനാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    തടവുകാരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത പ്രിഗോജിന്റെ നടപടി രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജയില്‍പ്പുള്ളികളെ സൈനിക സേവനത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന് റഷ്യയില്‍ നിയമമുണ്ട്. എന്നാല്‍ ഈ നിയമങ്ങളൊന്നും തന്നെ പ്രിഗോജിന് തടസമായില്ല.

    സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ പ്രിഗോജിന്‍ യുക്രെയ്‌ന്‍ പ്രസിഡന്റ് വ്‌ളോദിമര്‍ സെലന്‍സ്‌കിയെ അഭിസംബോധന ചെയ്യുന്നുണ്ട്. Su-24 ഫൈറ്റര്‍-ബോംബറിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഇദ്ദേഹം സെലന്‍സ്‌കിയെ അഭിസംബോധന ചെയ്യുന്നത്. സെലസ്‌കിയെ വെല്ലുവിളിക്കുന്നതായിരുന്നു ആ വീഡിയോ. ഇത് അന്താരാഷ്ട്ര നയതന്ത്ര പ്രോട്ടോക്കോളിന് വിരുദ്ധമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രത്തലവന് മാത്രമെ മറ്റൊരു രാഷ്ട്രത്തിലെ അദ്ദേഹത്തിന് സമാനമായ പദവിയിലിരിക്കുന്നയാളെ അഭിസംബോധന ചെയ്യാന്‍ അര്‍ഹതയുള്ളു. ഈ നിയമവും പ്രിഗോജിന്‍ ലംഘിച്ചിരുന്നു.

    Published by:user_57
    First published: