നേപ്പാളില്‍ രാജവാഴ്ചയ്ക്ക് അനുകൂലമായ റാലിയില്‍ യോഗി ആദിത്യനാഥിന്റെ ചിത്രം; പിന്നാലെ വിവാദം

Last Updated:

മുന്‍രാജാവിനെ പിന്തുണയ്ക്കുന്നവര്‍ രാജവാഴ്ച പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചുവരികയാണ്

News18
News18
കാഠ്മണ്ഡു: നേപ്പാളില്‍ നടന്ന രാജവാഴ്ചയ്ക്ക് അനുകൂലമായ റാലിയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളുയര്‍ന്നത് വിവാദത്തിന് തിരികൊളുത്തി. മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച റാലിയിലാണ് യോഗിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ മതസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ചയാണ് അദ്ദേഹം ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. എയര്‍പോര്‍ട്ടിലെത്തിയ ഉടനെ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയുടെ (ആര്‍പിപി) നേതാക്കളും കേഡര്‍മാരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.
നേപ്പാളില്‍ രാജവാഴ്ച പുനസ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് റാലി സംഘടിപ്പിച്ചത്. വിമാനത്താവളത്തിന് പുറത്തുള്ള റോഡിന്റെ ഇരുവശത്തുമായി ഗ്യാനേന്ദ്രയുടെ ചിത്രവും ദേശീയ പതാകകളും വഹിച്ചുകൊണ്ട് നിരവധി അനുയായികളാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ചിലര്‍ ഗ്യാനേദ്രയുടെ ചിത്രത്തോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
എന്നാല്‍ റാലിയില്‍ യോഗി ആദിത്യനാഥിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് പിന്നാലെ നിരവധി രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും വിമര്‍ശനവുമായി എത്തി. രാജവാഴ്ച അനുകൂല പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കെപി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മനപൂര്‍വം നടത്തിയ ശ്രമമാണിതെന്ന് ആര്‍പിപി വക്താവ് ഗ്യാനേന്ദ്ര ഷാഹി ആരോപിച്ചു. റാലിയിലേക്ക് നുഴഞ്ഞുകയറിയ ചില സര്‍ക്കാര്‍ അനുകൂലികളാണ് ഇതിനുപിന്നിലെന്നും ഷാഹി ആരോപിച്ചു.
advertisement
'' പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമാലിന്റെ നിര്‍ദേശപ്രകാരമാണ് യോഗി ആദിത്യനാഥിന്റെ ചിത്രം റാലിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. കെപി ശര്‍മ്മ ഒലിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്,'' ഷാഹി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്നാല്‍ ഈ ആരോപണം തള്ളി റിമാല്‍ രംഗത്തെത്തി. ഇത് വെറും തെറ്റായ ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിദേശനേതാക്കളുടെ ചിത്രങ്ങള്‍ റാലികളില്‍ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
advertisement
ജനുവരിയില്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശനവേളയില്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുന്‍രാജാവിനെ പിന്തുണയ്ക്കുന്നവര്‍ രാജവാഴ്ച പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചുവരികയാണ്. 2008ലാണ് ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് നേപ്പാളില്‍ രാജഭരണം അവസാനിച്ചത്.
ഫെബ്രുവരിയിലെ ജനാധിപത്യ ദിനാഘോഷത്തിന് പിന്നാലെ രാജ്യത്തെ സംരക്ഷിക്കുന്നതിനും ദേശീയ ഐക്യം സ്ഥാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരിക്കുന്നുവെന്ന് ഗ്യാനേന്ദ്ര ഷാ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാജവാഴ്ചയെ അനുകൂലിക്കുന്ന റാലികള്‍ക്ക് തുടക്കമായത്.
മലയാളം വാർത്തകൾ/ വാർത്ത/World/
നേപ്പാളില്‍ രാജവാഴ്ചയ്ക്ക് അനുകൂലമായ റാലിയില്‍ യോഗി ആദിത്യനാഥിന്റെ ചിത്രം; പിന്നാലെ വിവാദം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement