AB de Villiers: 'ആ വെളിപ്പെടുത്തൽ കോഹ്ലിക്ക് ഇഷ്ടപ്പെട്ടില്ല; മാസങ്ങളോളം എന്നോട് മിണ്ടിയില്ല'; എബി ഡിവില്ലിയേഴ്സ്
- Published by:Sarika N
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം കോഹ്ലി പല മത്സരങ്ങളില് നിന്നും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്നിന്ന് വിട്ടുനിന്നിരുന്നത് വൻ ചർച്ചയായിരുന്നു
ജൂൺ 3 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആർസിബി) പഞ്ചാബ് കിംഗ്സും തമ്മിലുള്ള ഐപിഎൽ 2025 ഫൈനലിന് തൊട്ടുമുമ്പ് വിരാട് കോഹ്ലിയും (Virat Kohli) എബി ഡിവില്ലിയേഴ്സും (AB de Villiers) ആലിംഗനം ചെയുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആർസിബി അവരുടെ ആദ്യ ഐപിഎൽ കിരീടം നേടിയ ആവേശകരമായ മത്സരത്തിന് ശേഷം രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളെയും അഭിമുഖങ്ങൾക്കിടയിൽ പലതവണ ഒരുമിച്ച് കണ്ടിരുന്നു. ഇപ്പോഴിതാ, തന്റെ ഭംഗത്ത് നിന്ന് ഉണ്ടായ ചെറിയ തെറ്റ് കാരണം വിരാട് കോഹ്ലി തന്നോട് മാസങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡി വില്ലിയേഴ്സ്.
advertisement
ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് കോഹ്ലിയെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ വർഷം നടന്ന ഒരു സംഭവം കാരണം കോഹ്ലി മാസങ്ങളോളം തന്നിൽ നിന്ന് അകന്നു നിന്നെന്നും എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ കോഹ്ലി തന്നുമായി ബന്ധം പുനഃസ്ഥാപിച്ചപ്പോൾ സന്തോഷം തോന്നിയെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. കഴിഞ്ഞ വർഷം കോഹ്ലി പല മത്സരങ്ങളില്‍ നിന്നും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനിന്നിരുന്നത് വൻ ചർച്ചയായിരുന്നു. ബി.സി.സി.ഐ. കോഹ്ലിക്ക് അവധി അനുവദിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിരുന്നില്ല.
advertisement
കോഹ്ലിയും അനുഷ്ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും അതിനാലാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഒരു യൂട്യൂബ് ചാനല്‍വഴി ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു. എന്നാൽ വിരാടും അനുഷ്‍കയും ഇതിനെപറ്റി യാതൊന്നും ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിൽ ഡിവില്ലിയേഴ്സിന്റെ വാക്കുകൾ പെട്ടെന്ന് ചർച്ചയായി. അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണെന്നും കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന വിരാടിനെ അഭിനന്ദിക്കുന്നുവെന്നും ഡിവില്ലിയേഴ്സ് അറിയിച്ചിരുന്നു.
advertisement
എന്നാൽ താരത്തിന്റെ പ്രസ്താവന വിവാദമായതോടെ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിയെന്നാണ് ഡിവില്ലിയേഴ്സ് അന്ന് പറഞ്ഞത്. 2024 ഫെബ്രുവരി 15 ന് കോഹ്ലിയും അനുഷ്കയും തങ്ങളുടെ രണ്ടാമത്തെ കുട്ടിയായ അകായ് ജനിക്കുന്നത്. ഇതോടെ ഡിവില്ലിയേഴ്സിന്റെ വാക്കുകൾ പിന്നെയും ചർച്ചയായി.2017-ല്‍ വിവാഹിതരായ അനുഷ്കയ്ക്കും വിരാട് കോലിക്കും രണ്ട് മക്കളാണുള്ളത്. വമികയും അകായും. തനറെ വ്യക്തിജീവിതം വളരെ സ്വകാര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളാണ് വിരാടും അനുഷ്കയും.
advertisement
ഏകദിന ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറി നേടിയ റെക്കോർഡിന് ഉടമയാണ് എബി ഡിവില്ലിയേഴ്സ്. 2015-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 31 പന്തുകളിൽ നിന്നാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുണ്ട്. തൻ്റെ കരിയറിൽ മൂന്ന് തവണ ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാനായി ഡിവില്ലിയേഴ്സ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 നവംബറിൽ എബി ഡിവില്ലിയേഴ്സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും ഔദ്യോഗികമായി വിരമിച്ചു.