2008ൽ ലളിത് മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചപ്പോൾ, അത് അന്നുവരെയുണ്ടായിരുന്ന ക്രിക്കറ്റ് രീതികളെയൊക്കെ മാറ്റിമറിച്ചു. ശരിക്കും പണകിലുക്കവുമായാണ് ഐപിഎൽ കടന്നുവന്നത്. ലോട്ടറിയടിക്കുന്നതുപോലെ ഒറ്റരാത്രികൊണ്ട് ക്രിക്കറ്റ് കളിക്കാർ കോടീശ്വരൻമാരായി മാറി. അതുവരെ രഞ്ജിട്രോഫിയിലൊക്കെ കളിച്ചുനടന്ന ആഭ്യന്തരതാരങ്ങളും പോലും ലക്ഷാധിപതികളായി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന എം എസ് ധോണി. 2008ലെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമായിരുന്നു ധോണിയുടെ ഐപിഎൽ യാത്ര. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ടും അദ്ദേഹം ഐപിഎല്ലിൽ ചെന്നൈയിൽ തുടരുകയാണ്. ചെന്നൈ സൂപ്പർകിങ്സിന്‍റെ പര്യായമാണ് എം.എസ് ധോണി.
ശാന്തമായ പെരുമാറ്റം, തന്ത്രശാലിയായ ക്യാപ്റ്റൻ, മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവ് എന്നിവയെല്ലാം ധോണിയുടെ സവിശേഷതകളാണ്. 135-ലധികം സ്‌ട്രൈക്ക് റേറ്റിൽ 4,978-ലധികം റൺസുമായി അദ്ദേഹം ഐപിഎല്ലിലെ മികച്ച ബാറ്റ്‌സ്മാനും കൂടിയാണ്. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് മികവും CSK-യുടെ വിജയത്തിന് നിർണായകമാണ്. സിഎസ്‌കെയ്ക്കും ഐപിഎല്ലിനും മൊത്തത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്, 2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ഐപിഎല്ലിൽ ചെന്നൈയുടെ പ്രധാന കളിക്കാരനായി ധോണി തുടരുന്നു.
ടൂർണമെന്റിന്റെ ആദ്യ മൂന്ന് സീസണുകളിൽ ഓരോ സീസണിലും 6 കോടി രൂപയായിരുന്നു ധോണിയുടെ പ്രതിഫലം. 2018 മുതൽ 2021 വരെയുള്ള സീസണുകളിൽ അദ്ദേഹത്തിന് 15 കോടി രൂപയായിരുന്നു പ്രതിഫലം. 2022ൽ 14 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ നിലനിർത്തിയത്. 16 വർഷത്തോളം നീണ്ട ഐപിഎൽ കരിയറിൽ ധോണി ഇതുവരെ പ്രതിഫലമായി സമ്പാദിച്ചത് 176 കോടി രൂപയാണ്.
ഇനി ധോണിയുടെ മൊത്തം ആസ്തി എത്രയെന്ന് നോക്കാം. 2023-ലെ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 1,030 കോടി രൂപയാണ്. താരതമ്യേന കുറഞ്ഞ കാലയളവിൽ ഈ നേട്ടം കൈവരിച്ച അദ്ദേഹം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ വർഷങ്ങളിൽ ധോണിയുടെ ആസ്തി 32 ശതമാനമാണ് വർദ്ധിച്ചത്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ധോണിക്ക് സ്വത്തുവകകളുണ്ട്. നിരവധി ബിസിനസുകളിൽ അദ്ദേഹം ഭാഗമാണ്. റാഞ്ചിയിൽ ഫാംഹൌസ് ഉൾപ്പടെ വലിയൊരു വീടും ധോണിക്ക് സ്വന്തമായുണ്ട്. ഏകദേശം ആറു കോടി രൂപയാണ് ധോണിയുടെ വീടിന്‍റെ ഇപ്പോഴത്തെ മൂല്യം. റാഞ്ചിയിൽ ഏഴ് ഏക്കറിൽ പരന്നുകിടക്കുന്ന കൈലാസപതി ഫാം ഹൗസാണ് ധോണിയുടെ സ്വത്തുക്കളിൽ ഏറ്റവും പ്രധാനം. ഇതുകൂടാതെ 2011-ൽ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഡെറാഡൂണിൽ ധോണി ഒരു ആഡംബര വീട് വാങ്ങി. അതിന്റെ ഇപ്പോഴത്തെ വില ഏകദേശം 17.8 കോടി രൂപയാണ്.
വാഹനശേഖരത്തിൽ ധോണിയെ വെല്ലാൻ ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. ഒട്ടുമിക്ക ആഡംബര സ്പോർട്സ് വാഹനങ്ങളും ധോണിയുടെ ഗ്യാരേജിലുണ്ട്. ഹമ്മർ എച്ച്2, ഓഡി ക്യൂ7, മിത്സുബിഷി പജേറോ എസ്എഫ്എക്സ്, ലാൻഡ് റോവർ ഫ്രീലാൻഡർ, മഹീന്ദ്ര സ്കോർപിയോ, ഫെരാരി 599 ജിടിഒ, ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്കോക്ക്, നിസ്സാൻ ജോംഗ, പോണ്ടിയാക് ഫയർബേർഡ് ട്രാൻസ് ആം, മെഴ്‌സിഡസ് ബെൻസ് റോയ് ജിഎൽഇ, റോൾവർസ് ബെൻസ് റോയ് ജിഎൽഇ എന്നിവ അദ്ദേഹത്തിന്റെ ആകർഷകമായ കാർ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ലക്ഷങ്ങൾ വില വരുന്ന ആഡംബര സ്പോർട്സ് ബൈക്കുകളും ശേഖരവും ധോണിക്കുണ്ട്.