Vidya Malvade | വിവാഹത്തിന്റെ മൂന്നാം വർഷം വിധവ; ഷാരൂഖിന്റെ നായിക വിദ്യ മാൽവാഡെയുടെ ജീവിതത്തിൽ സംഭവിച്ചത്
- Published by:meera_57
- news18-malayalam
Last Updated:
ഭർത്താവ് മരണപ്പെടുമ്പോൾ വിദ്യക്ക് പ്രായം 27 വയസ്. അതിനു ശേഷം സിനിമയിലേക്ക്. വിദ്യ മാൽവാഡേയുടെ ജീവിതം
വളരെ വേഗം താരപദവിയിൽ എത്തുന്നവരെയും സിനിമയിലേക്ക് ഒരു പ്രവേശനം എങ്കിലും സാധ്യമാകുമോ എന്ന സ്വപ്നവുമായി ജീവിക്കുന്നവരെയും ഒരുപോലെ കാണാൻ കഴിയുന്ന ചലച്ചിത്ര മേഖലയാണ് ബോളിവുഡ്. നടൻ ഷാരൂഖ് ഖാന്റെ നായികയായ വിദ്യ മാൽവാഡേ (Vidya Malvade) സിനിമയിൽ താൻ എത്തുമെന്ന് പോലും ഒരുകാലത്തു പ്രതീക്ഷിക്കാതെ സിനിമയിൽ തിളങ്ങിയ വ്യക്തിയാണ്. ഷാരൂഖ് ഖാൻ നായകനായ 'ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിൽ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി വേഷമിട്ടുകൊണ്ട് ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുകയും ചെയ്ത താരമാണവർ. എന്നാൽ, വിവാഹം കഴിഞ്ഞ് അധികനാൾ പിന്നിടും മുൻപേ വൈധവ്യം എന്തെന്ന് അറിയേണ്ടി വന്ന സ്ത്രീ കൂടിയാണ് വിദ്യ മാൽവാഡേ
advertisement
ചക് ദേ ഇന്ത്യയിലെ വേഷത്തിലൂടെ കരിയർ മാറിമറിഞ്ഞ യുവതിയാണ് വിദ്യ മാൽവാഡേ. ഇതിനു തൊട്ടുപിന്നാലെ രൺവിജയ് സിംഗ് നായകനായ വെബ് സീരീസിൽ അവർക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമയുടെ വെള്ളിവെളിച്ചം തേടിപ്പോകാതെ, ഇരുപതുകളുടെ തുടക്കത്തിൽ വിവാഹജീവിതത്തിലേക്ക് കടന്നു. 1997ൽ പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ബാഗയുടെ ഭാര്യയായി വിദ്യ കുടുംബജീവിതം ആരംഭിച്ചു. എന്നാൽ, വിധിവൈപരീത്യം മൂന്നു വർഷങ്ങൾക്ക് അപ്പുറം കാത്തിരിപ്പുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
വിവാഹത്തിന്റെ മൂന്നാം വർഷം, അതായത് 2000 ജൂലൈ 14ന്, പട്നയിൽ സംഭവിച്ച വിമാനാപകടത്തിൽ വിദ്യ മാൽവാഡേയുടെ ഭർത്താവിന് ജീവൻ നഷ്‌ടമായി. വൈധവ്യം നേരിടുമ്പോൾ വിദ്യക്ക് പ്രായം കേവലം 27 വയസ് മാത്രം. ഭർത്താവിന്റെ മരണത്തോട് കൂടി വിദ്യ ആകെ തകർന്നു. വിദ്യ കടുത്ത വിഷാദരോഗത്തിലേക്ക് വഴുതിവീണു. ഒരിക്കൽ അവരുടെ ആരാധകരെയും വിഷമവൃത്തത്തിലാക്കി കുറെയേറെ ഉറക്കഗുളികകൾ വിഴുങ്ങി വിദ്യ ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ചു കൂട്ടി. അതിനായി ഉറക്കഗുളികകൾ വാങ്ങുകയും ചെയ്തു
advertisement
സിദ്ധാർഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിൽ ഇതേക്കുറിച്ച് വിദ്യ മാൽവാഡേ വിശദീകരിക്കുകയുണ്ടായി. എന്നാൽ, അച്ഛനമ്മമാരുടെ മുഖം മനസ്സിൽ നിറഞ്ഞ വിദ്യക്ക് ജീവനൊടുക്കാൻ കഴിഞ്ഞില്ല. താൻ അനുഭവിക്കുന്ന അതേ വേദന അവരിലേക്ക് കൂടി പകരാം എന്നല്ലാതെ അതുകൊണ്ടൊരു മാറ്റം ഉണ്ടാവില്ല എന്ന് വിദ്യ മനസിലാക്കി. എത്രകാലം ദുഃഖിച്ചിരിക്കാൻ കഴിയും എന്ന ഉത്തരമില്ലാ ചോദ്യത്തിന് മുന്നിൽ വിദ്യ തന്റെ ജീവിതം മാറ്റിമറിക്കാൻ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ചു
advertisement
വിദ്യ മോഡലിങ്ങിലേക്ക് തിരിയുന്നത് ഇവിടെ നിന്നുമാണ്. മനസിന്റെ മുറിവുണക്കാൻ മോഡലിംഗ് ലോകം വിദ്യ മാൽവാഡേയെ സഹായിച്ചു എന്നുവേണം പറയാൻ. എന്നാൽ, മോഡലിംഗ് ലോകം വിദ്യക്ക് ഒരു ബോളിവുഡ് ടിക്കറ്റ് കരുതി വച്ചിരുന്നു. 2003ൽ 'ഇന്റെഹ' എന്ന സിനിമയിലൂടെ വിദ്യ സിനിമയിൽ പ്രവേശിച്ചു. മെല്ലെ മെല്ലെ തന്റെ കരിയറും വ്യക്തിത്വവും പടുത്തുയർത്താൻ വിദ്യ മാൽവാഡേ ശ്രമിക്കുകയും, അതിൽ വിജയിക്കുകയും ചെയ്തു
advertisement
സിനിമാ ലോകത്തിൽ വ്യാപൃതയാവുന്നതിനിടയിൽ തന്നെ സഞ്ജയ് ധൈമ എന്ന ചലച്ചിത്ര സംവിധായകനെ പരിചയപ്പെടുകയും, അത് മറ്റൊരു വിവാഹ ജീവിതത്തിനു വഴിതെളിയിക്കുകയുമായിരുന്നു. 2009ൽ അവർ വിവാഹിതരായി. അന്തരിച്ച നടി സ്മിതാ പാട്ടീലിന്റെ അനന്തരവൾ കൂടിയാണ് ഈ 52കാരി. എയർ ഹോസ്റ്റസായി ജീവിതമാരംഭിച്ച വിദ്യ മാൽവാഡേ ഇപ്പോൾ സിനിമ, സീരിയൽ, വെബ് സീരീസ് മേഖലകളിൽ തിരക്കിലാണ്. 2025ലെ സംഗീ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വിദ്യ മാൽവാഡേ വേഷമിട്ടത്