ശുഭപര്യവസായിയായ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരിക്കും വാക്സിന്‍റെ വരവെന്ന് കരുതുന്നവരുണ്ട്. എന്നാൽ അത്രയേറെ പ്രതീക്ഷ ഇക്കാര്യത്തിൽ പുലർത്തേണ്ടതില്ലെന്നാണ് ലോകത്തെ ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു വാക്സിനിനുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതായിരിക്കാം. ഒരു വാക്സിൻ ഉടൻ ആസന്നമാകുമെന്ന് ലോകനേതാക്കളും മരുന്നു കമ്പനികളും ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു. വാക്സിൻ എത്തുന്നതോടെ ലോകത്തിന് എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങിവരാമെന്നതിനെക്കുറിച്ചുള്ള യാഥാർത്ഥ്യബോധം ജനങ്ങൾക്ക് നൽകാം. എന്നാൽ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളല്ലെന്ന സൂചനയാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്നത്.
രണ്ടു കോവിഡ് വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നതിന്‍റെ അവസാനഘട്ടത്തിലെത്തിയതിനെ ചരിത്രപരവും അമ്പരപ്പിക്കുന്നതുമായ നേട്ടമായാണ് ചില രാജ്യങ്ങളിലെ അധികാരികളും മരുന്നു കമ്പനികളും വിശേഷിപ്പിക്കുന്നത്. ഒക്ടോബർ മാസത്തിലോ അല്ലെങ്കിൽ വർഷാവസാനത്തിനു മുമ്പോ വാക്സിനുകൾ ലഭ്യമാകുമെന്ന് ചില ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവുകൾ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.
ഒരു വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനം ഒരു തുടക്കമായിരിക്കും, അവസാനമാണെന്ന് കരുതരുത്. അമേരിക്കയിലും ലോകമെമ്പാടുമുള്ള ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകം മുഴുവൻ കോവിഡിൽനിന്ന് സുരക്ഷയൊരുക്കാൻ ഉതകുന്ന തരത്തിൽ എല്ലാ ആളുകളിലേക്കും വാക്സിൻ എത്താൻ മാസങ്ങളോ അല്ലെങ്കിൽ കൂടുതൽ വർഷങ്ങളോ എടുക്കും.
ഇനി വാക്സിൻ എത്തിയാൽ തന്നെ ഉടൻ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല. ആദ്യ ഡോസുകൾ ലഭിക്കുന്നവർക്ക് ഉടൻ തന്നെ പൂർണമായ പ്രതിരോധശേഷി ലഭിക്കില്ല. ശരീരത്തിലെ രോഗപ്രതിരോധശേഷിയുമായി വാക്സിൻ ഇഴുകിചേർന്നു പ്രവർത്തിച്ചുതുടങ്ങാൻ കൂടുതൽ സമയമെടുക്കും. ആദ്യത്തെ ഒരു ഡോസ് കൊണ്ടുമാത്രം പ്രതിരോധശേഷി ലഭിക്കില്ല. അതുകൊണ്ടുതന്നെ ആഴ്ചകൾക്കുശേഷം കൂടുതൽ ഡോസുകൾ എടുക്കേണ്ടിയും വന്നേക്കാം.
ഒരു വാക്സിനിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി ഹ്രസ്വകാലമോ ഭാഗികമോ ആയിരിക്കാം. അതുകൊണ്ടുതന്നെ ആദ്യ ഡോസുകൾ ലഭിച്ചതിനുശേഷവും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്കുകൾ ധരിക്കുകയും ചെയ്യുന്ന നടപടികൾ തുടരേണ്ടതുണ്ട്. ചില ഗ്രൂപ്പുകളിലും പ്രദേശങ്ങളിലും വാക്സിൻ ഫലപ്രദായി പ്രവർത്തിച്ചുവെന്ന് വരില്ല. ചില സ്ഥലങ്ങളിൽ വാക്സിനെതിരായ പ്രതിഷേധമുണ്ടാകാനും സാധ്യതയുണ്ട്. വാക്സിനെതിരായ ക്യാംപയ്നുകളെ അതിജീവിച്ചുവേണം അത്തരം സ്ഥലങ്ങളിൽ ഇത് ജനങ്ങളിൽ പ്രയോഗിക്കേണ്ടത്.