ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍
- Published by:Sarika N
- news18-malayalam
Last Updated:
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗി സ്ഥിരീകരണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിവരം പുറത്തുവിട്ടിരുന്നു. 'ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ജനതയ്ക്കും ഖമനയിയുടെ രക്തദാഹികളായ ഗുണ്ടാസംഘത്താൽ പീഡിപ്പിക്കപ്പെട്ട അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച നീതിയാണ്,' ട്രംപ് കുറിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിശക്തമായ ഇന്റലിജൻസ് ട്രാക്കിംഗ് സംവിധാനങ്ങളെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം , ഖമനയിയെ കൂടാതെ ഇറാന്റെ പ്രതിരോധ മേഖലയിലെ മറ്റ് സുപ്രധാന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്, സൈന്യം, പോലീസ് എന്നിവരിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ അമേരിക്കയിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ട്രംപ് പറഞ്ഞു. ഇപ്പോൾ കീഴടങ്ങുന്നവർക്ക് മാപ്പ് നൽകുമെന്നും അല്ലാത്തവർക്ക് മരണം മാത്രമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
advertisement
പശ്ചിമേഷ്യയിൽ പൂർണ്ണമായ സമാധാനം കൈവരുന്നത് വരെ ഇറാന് മേലുള്ള കൃത്യമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഖമനയിയുടെ മരണവാർത്തയ്ക്ക് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് മരണശേഷം ഓട്ടോമാറ്റിക്കായി വരാൻ സജ്ജീകരിച്ച 'ഡെഡ് മാൻ സ്വിച്ച്' ആണെന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 01, 2026 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍







