തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ. സി. എം. ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധന നടത്തി ഐ. സി. എം. ആര്‍. സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 2020 മേയ്, ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലാണ് സീറോ സര്‍വേ നടത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് വന്ന് പോയവര്‍ ദേശീയ ശരാശരിയേക്കാള്‍ പകുതി മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ 21 ശതമാനം പേരില്‍ കോവിഡ് വന്നു പോയപ്പോള്‍ കേരളത്തില്‍ 11.6 ശതമാനം പേരിലാണ് കോവിഡ് വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം നടത്തിയ പരിശോധനകള്‍, കോണ്ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ തുടങ്ങിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വന്നു പോയവരുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ഓഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേരളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.
കേരളത്തില്‍ ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.