കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഹൈടെക് സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയിൽ അകപ്പെട്ടത്. ഇവരിൽ മിക്കവർക്കും ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടമായത്. (പ്രതീകാത്മക ചിത്രം)
പുതിയ ബാച്ചിലെ ചില എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പല ഉദ്യോഗസ്ഥർക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാൽ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാൻ തയ്യാറായില്ല. സമൂഹമാധ്യമങ്ങൾ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പൊലീസുകാർ വഴി കൂടുതൽ പൊലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്. (പ്രതീകാത്മക ചിത്രം)
പരിചയപ്പെടുന്ന പൊലീസുകാരുമായി ലൈംഗികബന്ധം പുലർത്താൻ യുവതി തന്നെ മുൻകൈ എടുക്കുകയും, പിന്നീട് ഗർഭിണിയാണെന്ന് അറിയിച്ച് പണം ആവശ്യപ്പെടുകയും ചെയ്യും. ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ, പൊലീസുകാരുടെ താമസസ്ഥലത്ത് എത്തിയോ ഹോട്ടലിൽ വെച്ചോ ആണ് യുവതി ശാരീരികബന്ധം പുലർത്തുന്നത്. ഈ ബന്ധം തുടരുകയും, പെട്ടെന്ന് ഒരു ദിവസം ഗർഭിണിയാണെന്ന വിവരം അറിയിക്കുകയും ഗർഭച്ഛിദ്രത്തിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്യും. പ്രശ്നം ഒതുക്കി തീർക്കുന്നതിനായി ലക്ഷ കണക്കിന് രൂപയാണ് യുവതി ആവശ്യപ്പെടുന്നത്. ഇതോടെയാണ് കുരുക്കിൽ അകപ്പെടുന്ന പൊലീസുകാർ വൻ തുക നൽകാൻ തയ്യാറാകുന്നത്. (പ്രതീകാത്മക ചിത്രം)
ഇതാദ്യമായല്ല, ഈ യുവതി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കുന്നത്. കഴിഞ്ഞ വർഷവും യുവതി പൊലീസുകാരെ ഹണിട്രാപ്പിൽ പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇവരുടെ വലയിൽ അകപ്പെട്ട ചില ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തിൽ താമസമാക്കിയ കൊല്ലം സ്വദേശിനിയായ യുവതിയാണ് പൊലീസുകാരെ കൂട്ടത്തോടെ കുടുക്കിയത്. (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സും, മറ്റൊരു യുവാവും യുവതിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശുപത്രിയിൽനിന്ന് യുവതി ഗർഭിണിയാണെന്ന റിപ്പോർട്ട് സുഹൃത്ത് കൂടിയായ നഴ്സ് സംഘടിപ്പിച്ചു നൽകി. ഇത് കാട്ടിയാണ് യുവതി പൊലീസുകാരിൽ നിന്ന് പണം തട്ടിയെടുത്തത്. പണം നൽകാത്തെ ഉദ്യോഗസ്ഥർക്കെതിരെ പീഡന പരാതി നൽകുകയും ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇവർ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഏതായാലും എത്രയും വേഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തി, യുവതിയെ കണ്ടെത്തി നടപടി എടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. (പ്രതീകാത്മക ചിത്രം)