കാൺപൂർ: വിവാഹ ശേഷം എട്ടു വർഷമായി കുട്ടികളില്ലാത്തതിനെ തുടർന്ന് സന്താനഭാഗ്യത്തിനായി അയൽ വീട്ടിലെ മൂന്നു വയസുകാരനെ ബലി നൽകിയ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാർഡോയിയിൽ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഹാർഡോയിലെത്തിയ ഒരു മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് അയൽ വീട്ടിലെ മൂന്നു വയസുകാരനെ യുവതി തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയത്. ടെറസിൽവെച്ചാണ് കൊലപാതകം നടത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഉത്തർപ്രദേശിലെ ഹാർഡോയിയിൽ 2013 ൽ വിവാഹിതയായ 25 കാരിയ്ക്ക് എട്ട് വർഷമായി മക്കളില്ലായിരുന്നു. ഇതിനിടെ പല ചികിത്സകളും വഴിപാടുകളും നേർന്നെങ്കിലും ഗർഭം ധരിക്കാൻ അവർക്ക് സാധിച്ചില്ല. ഇതേത്തുടർന്ന് ബന്ധുക്കളിൽനിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞു വരികയായിരുന്നു യുവതിയും ഭർത്താവും. അങ്ങനെയിരിക്കെയാണ് ഹാർഡോയിൽ എത്തിയ ഒരു മന്ത്രവാദിയെ കുറിച്ച് കേട്ടറിഞ്ഞ യുവതി അയാളുടെ താമസസ്ഥലത്ത് എത്തുന്നത്.
എട്ടു വർഷമായി കുട്ടികളില്ലാത്തതിന്‍റെ സങ്കടം യുവതി മന്ത്രവാദിയോട് പറഞ്ഞു. അവരുടെ വന്ധ്യത പ്രശ്നത്തെക്കുറിച്ചും കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞ കാര്യവും വിശദീകരിച്ചു. എത്രയും പെട്ടെന്ന് കുട്ടികളുണ്ടാകുമോ എന്ന് അറിയണമെന്ന ആഗ്രഹം തനിക്ക് ഉണ്ടെന്ന് അവൾ മന്ത്രവാദിയോട് പറഞ്ഞു. "അതിനെ കുറിച്ച് ചിന്തിക്കാൻ ഒരു വഴിയേയുള്ളൂ. ആരുടെയെങ്കിലും ഒരു ചെറിയ കുട്ടിയെ ബലിയർപ്പിക്കുകയും രക്തം ദാനം ചെയ്യുകയും ചെയ്താൽ നിങ്ങൾക്ക് വേഗത്തിൽ കുട്ടികൾ ജനിക്കും. ശനി നിങ്ങളെ ഉപേക്ഷിക്കും. അതാണ് മാന്യമായ കാര്യം, അത് അവിടെ അവസാനിക്കണം. "-മന്ത്രവാദി യുവതിയോട് പറഞ്ഞു.
എന്നാൽ മന്ത്രവാദി പറഞ്ഞതുപോലെ ഏതെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ബലി നൽകുന്നതിൽ യുവതിക്ക് ആശങ്ക ഉണ്ടായിരുന്നു. അങ്ങനെയാണ് അയൽ വീട്ടിലെ മൂന്നു വയസുകാരനെ തട്ടിയെടുക്കാൻ യുവതി പദ്ധതിയിട്ടത്. ഇതിനായി അയൽ വീട്ടുകാരുമായി പതിവില്ലാത്ത അടുപ്പം സ്ഥാപിക്കുകയും ചെയ്തു. മൂന്നു ദിവസം മുമ്പ്, കുട്ടിയുടെ വീട്ടിലെത്തിയ യുവതി മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയുമായി കടക്കുകയായിരുന്നു.
കുട്ടിയെ സ്വന്തം വീട്ടിലെ ടെറസിലെത്തിച്ച്, അവിടെ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം യുവതി കെട്ടിയുടെ ശരീര അവശിഷ്ടങ്ങൾ ഒരു ബാഗിലാക്കി ടെറസിൽ തന്നെ സൂക്ഷിച്ചു. രാത്രിയിൽ എല്ലാവരും കിടന്ന ശേഷം ബലി ചടങ്ങുകൾ നടത്താനാണ് പദ്ദതിയിട്ടത്. എന്നാൽ കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അയൽക്കാരെ വിളിപ്പിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടെത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ചു യുവതിയുടെ വീട്ടിലേക്ക് കയറുകയും ചെയ്തു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും, കുട്ടിയുടെ ശരീര അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ബാഗ് ടെറസിൽവെച്ച് പൊലീസിന് കാട്ടി കൊടുക്കുകയും ചെയ്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മന്ത്രവാദിയെ കുറിച്ച് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തത്.