കോട്ടയം: പാലാ ക്രൈസ്തവരുടെ ഒരു തീർത്ഥാടനകേന്ദ്രം ഒന്നുമില്ല. പാലക്ക് തൊട്ടപ്പുറം ഭരണങ്ങാനം ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വലിയൊരു ആരാധനാകേന്ദ്രം തന്നെയാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നു എന്നതാണ് ഭരണങ്ങാനത്തെ പ്രത്യേകത. പക്ഷേ പാല ഒരുതരത്തിൽ ഇന്നൊരു തീർത്ഥാടന കേന്ദ്രമാണ്. പക്ഷേ തീർഥാടനം നടത്തുന്നത് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ആണെന്ന് മാത്രം.
ഈ മാസം ഒമ്പതിനാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മർത്തമറിയം തീർത്ഥാടന ദേവാലയത്തിൽ പ്രഭാഷണം നടത്തിയത്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗത്തിൽ വ്യക്തമാക്കി. അത് വാർത്തകളിൽ ഇടം നേടി. പിന്നെ ഉയർന്നത് കേരളത്തിൽ പ്രതിഷേധ പരമ്പരകളുടെ ദിവസങ്ങൾ. തൊട്ടടുത്ത ദിവസം പാലാ ബിഷപ്പ് ഹൗസ് കാത്തിരുന്നത് വലിയ പ്രതിഷേധത്തിന് ആണ്. സെപ്റ്റംബർ 10 ന് മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തിൽ പാലാ ബിഷപ്പ് ഹൗസിലേക്ക് വൻ പ്രകടനമാണ് നടന്നത്. ഇരുന്നൂറ്റി അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പ്രകടനം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ നിറഞ്ഞതായിരുന്നു. തൊട്ടുപിന്നാലെ പിഡിപി ജില്ലാ കമ്മിറ്റിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി.
സെപ്റ്റംബർ 11ന് വീണ്ടും പ്രകടനങ്ങൾ നടന്നു. എന്നാൽ തലേദിവസം ഉയർന്ന മുദ്രാവാക്യങ്ങൾ ആയിരുന്നില്ല പിന്നെ അവിടെ കേട്ടത്. ബിഷപ്പിനെ പൂർണപിന്തുണ അർപ്പിച്ചു കൊണ്ടുള്ള പ്രകടനങ്ങളാണ് സെപ്റ്റംബർ 11ലെ പാലാ ബിഷപ്പ് ഹൗസിനുമുന്നിൽ അരങ്ങേറിയത്. ക്രൈസ്തവ കോഡിനേഷൻ കമ്മിറ്റി ആയ കാസയുടെ നേതൃത്വത്തിലായിരുന്നു ബിഷപ്പിന് ഐക്യദാർഢ്യം അർപ്പിച്ച് ഉള്ള പ്രകടനം. ജനപക്ഷം സെക്കുലർ നേതാവ് പി സി ജോർജ്, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. അവിടെയും തീർന്നില്ല പ്രകടനങ്ങൾ. സെപ്റ്റംബർ 12 നും ക്രൈസ്തവ സംഘടനകൾ മാർച്ചുമായി രംഗത്തുവന്നു. ആ മാർച്ച് മുതൽ കൂടുതൽ രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നു.
ബിജെപിയും പി സി ജോർജും ഒഴികെ മറ്റ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ആരും സെപ്റ്റംബർ 12 വരെ ബിഷപ്പിന് പിന്തുണയർപ്പിച്ച് മാർച്ചുകൾ നടത്തിയിരുന്നില്ല. സെപ്റ്റംബർ 12ന് നടന്ന മാർച്ചിൽ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്, പാലാ നഗരസഭാ ചെയർമാൻ ആൻഡ് ജോസ് പടിഞ്ഞാറെക്കര, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങി ഇടതുവലതു മുന്നണികളുടെ നേതാക്കൾ അണിനിരന്നു. ഈ മാർച്ച് തീരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ജോസ് കെ മാണി ആദ്യമായി ബിഷപ്പിനെ പിന്തുണച്ച് രംഗത്ത് വന്നു. അന്ന് രാവിലെ ദീപിക ദിനപ്പത്രത്തിൽ ജോസ് കെ മാണിയെ വിമർശിച്ച് ലേഖനം വന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ജോസ് കെ മാണിയും മോൻസ് ജോസഫും പരസ്യ നിലപാടുമായി രംഗത്തു വന്നത്.
പന്ത്രണ്ടാം തീയതി മുതൽ പിന്നീട് കണ്ടത് പാലാ ബിഷപ്പ് ഹൗസ് വിഐപി മേഖലയായി മാറുന്നതാണ്. പ്രമുഖ നേതാക്കളെല്ലാം പാലാ ബിഷപ്പ് ഹൗസിലെത്തി ചർച്ച നടത്തി. ഇടതു മുന്നണിയിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ആണ് അന്ന് ആദ്യം ബിഷപ്പിനെ കണ്ട് പിന്തുണ അറിയിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബിജെപി സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസും രാധാകൃഷ്ണനും പാലായിലെത്തി. ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടായിരുന്നു ഇരുവരും സ്വീകരിച്ചത്. മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളും ഇതിന് പിന്നാലെ എത്തി പിന്തുണ അറിയിച്ചു.
പല ബിഷപ് ഹൗസിൽ ഓരോ ദിവസം കഴിയുംതോറും എത്തുന്ന നേതാക്കളുടെ എണ്ണം കൂടി. ആദ്യം ജില്ലാ നേതാക്കളാണ് വന്നതെങ്കിൽ ഇപ്പോൾ എത്തുന്നത് എല്ലാം സംസ്ഥാന നേതാക്കൾ. സുരേഷ് ഗോപി നേരിട്ടെത്തി പിന്തുണ അറിയിച്ചത് ചർച്ചകളിൽ ഇടം നേടി. ബിഷപ്പ് ക്ഷണിച്ചത് അനുസരിച്ചാണ് എത്തിയതെന്ന് പറഞ്ഞ് സുരേഷ് ഗോപി അരമനയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. അന്ന് ഉച്ചയ്ക്കുശേഷം സമവായ ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പാലാ ബിഷപ്പ് ഹൗസിലെത്തി. ഏറെ ദിവസങ്ങളായി പാലയിൽ ഇല്ലായിരുന്നു ജോസ് കെ മാണി അന്നുതന്നെ വൈകുന്നേരം ബിഷപ്പിനെ കണ്ട് പിന്തുണ അറിയിച്ചു.
സർക്കാർ സമവായ ചർച്ചകൾക്കായി നീക്കം നടത്തുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് മന്ത്രി വി എൻ വാസവൻ ഇന്നലെ നടത്തിയ സന്ദർശനം ആണ് ഇതിൽ പ്രധാനം. എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി വി എൻ വാസവൻ പറഞ്ഞു. മന്ത്രി പോയതിനു തൊട്ടുപിന്നാലെ ആർഎസ്എസ് സംസ്ഥാന നേതാവായ വത്സൻ തില്ലങ്കേരിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് ജോണിനെല്ലൂരും ബിഷപ്പ് ഹൗസിലെത്തി.
ആദ്യദിവസങ്ങളിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു ബിഷപ്പ് ഹൗസ് വിഐപി അതിഥികൾ എത്തിയതോടെ തുറക്കപ്പെട്ടു. ഏതായാലും കേരള രാഷ്ട്രീയത്തിലെ നിർണായക കേന്ദ്രമായി പാലാ ബിഷപ്പ് ഹൗസ് അപ്രതീക്ഷിതമായാണ് മാറിയിരിക്കുന്നത്. വരും ദിവസങ്ങളിലും അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ് ഹൗസ്. ആദ്യം പൊതുസമൂഹത്തിൽ നിന്ന് വലിയ വിമർശനങ്ങൾ ഉണ്ടായപ്പോൾ മാറി നിന്നിരുന്ന നേതാക്കളാണ് ഒടുവിൽ ബിഷപ്പിനെ തേടി പാലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.