ഹേമമാലിനി: 1970-1990 കാലഘട്ടത്തിൽ ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികമാരിലൊരാളായിരുന്നു ഹേമമാലിനി. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ അവർ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, രാജേഷ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് ഹേമമാലിനി ബിജെപിയിൽ ചേരുന്നത്. നിലവിൽ യുപി മഥുര മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്
അമിതാഭ് ബച്ചൻ: ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. 78-ാം വയസിലും സിനിമയിൽ സജീവമായിരിക്കുന്ന ബോളിവുഡിന്‍റെ ബിഗ് ബി ഇടയ്ക്ക് രാഷ്ട്രീയത്തിലും ഒരു കൈ പരീക്ഷിച്ചിരുന്നു. 1984 ൽ അലഹബാദ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. എന്നാല്‍ മൂന്ന് വർഷത്തിന് ശേഷം രാജിവച്ചു. നിലവില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു.
ഗോവിന്ദ: 1990 കളിൽ ബോളിവുഡിലെ മുൻനിര നായകൻമാരിൽ ഒരാളായിരുന്നു 'ചിച്ചി'എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗോവിന്ദ. അനായാസമായി നൃത്തം ചെയ്യാനുള്ള കഴിവും കോമഡി-സീരിയസ് റോളുകൾ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള മിടുക്കും താരത്തെ വ്യത്യസ്തനാക്കി. ഇന്ത്യൻ ദേശീയ കോൺഗ്രസിൽ ചേർന്ന ഗോവിന്ദ 2004-2009 വരെ ലോക്സഭാ അംഗമായിരുന്നു.
ധർമ്മേന്ദ്ര: ബോളിവുഡിലെ മികച്ച താരങ്ങളുടെ പട്ടികയെടുത്താൽ അതിലൊരാൾ ധർമ്മേന്ദ്ര തന്നെയാകും എന്നതിൽ തർക്കമില്ല. 1960 കള്‍ മുതൽ ബോളിവുഡ് സിനിമയുടെ ഭാഗമായ ഈ 85കാരൻ എക്കാലത്തെയും മികച്ച ഹിറ്റുകളും ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ച ധര്‍മ്മേന്ദ്ര 2004-2009 വരെ രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തിലെ എംപിയായിരുന്നു.
ജയ പ്രദ: ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും തിളങ്ങിയ താരമാണ് ജയപ്രദ.ദേവദൂതൻ, പ്രണയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഈ താരം. രാഷ്ട്രീയത്തിലേക്ക് ചുവടു മാറിയ ജയപ്രദ, തെലുങ്ക് ദേശം, സമാജ് വാദി രാഷ്ട്രീയ ലോക്ദൾ എന്നീ പാർട്ടികളുടെ ഭാഗമായ ശേഷം 2019 ൽ ബിജെപിയില്‍ ചേർന്നു.
ഊര്‍മ്മിള മദോന്ദ്കർ: 1990 കളിലെ ബോളിവുഡ് സൂപ്പർ നായികമാരിലൊരാളായിരുന്നു ഊർമ്മിള. മലയാളം-തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ഊര്‍മ്മിള 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് 2020 ൽ കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് ശിവസേനയിൽ ചേർന്നു