തിരനോട്ടം: സിനിമാപ്രേമികളായ കൂട്ടുകാരുടെ ഒപ്പം ആദ്യ ചലച്ചിത്ര സംരംഭം. സുഹൃത്തുക്കളുടെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് നിർമ്മിച്ചത്. കുട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. ആദ്യ രംഗം സൈക്കിൾ ഓടിക്കുന്ന രംഗമായിരുന്നു.1978 സെപ്റ്റംബർ.4 നു രാവിലെ 11.30 നായിരുന്നു അത്. ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.
രാജാവിന്റെ മകൻ: തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രം മോഹൻലാലിനെ സൂപ്പർ താരമാക്കി. നായകനാകാൻ മമ്മൂട്ടി വിസമ്മതിച്ചതിനാലാണ് ഡെന്നിസ് ജോസഫ് രചിച്ച ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത്. കഥ പോലും കേൾക്കാതെ ഡേറ്റ് നൽകിയ ചിത്രം മോഹൻലാലിന്റെയും മലയാള സിനിമയുടെയും ചരിത്രം തിരുത്തിക്കുറിച്ചു.
നാടോടിക്കാറ്റ്: സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇന്നും നിത്യസംഭാഷണത്തിൽ കടന്നു വരുന്നു. കേരളത്തെ ബാധിച്ച തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ് വൻ വിജയം സമ്മാനിച്ചത്. പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി
തൂവാനത്തുമ്പികൾ: 1987ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ
ലാൽ സലാം: വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1990ൽ പ്രദർശനത്തിനിറങ്ങിയ ലാൽസലാം വൻ വിജയം നേടിയെങ്കിലും ഇറങ്ങിയ സമയത്ത് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും വൻ വിമർശനം നേടി. കേരളത്തിലെ ചില പ്രമുഖ കമ്യുണിസ്റ്റ് നേതാക്കളുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം പിന്നീട് ചില രാഷ്ട്രീയ നേതാക്കളുടെ പിന്നീട് ഒരു റഫറൻസ് ആയി
മണിച്ചിത്രത്താഴ്: മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാള ചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്
1995ൽ പുറത്തു വന്ന ഭദ്രൻ ചിത്രം സ്ഫടികത്തിലെ ആട് തോമക്കും ചാക്കോ മാഷിനും മലയാളയുടെ മനസ്സിൽ എക്കാലത്തും ഇടമുണ്ട്. അഞ്ചു കോടിക്കു മേൽ നേടി ബോക്സ് ഓഫീസ് ഹിറ്റായ ഭദ്രന്റെ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. കാൽ നൂറ്റാണ്ടു പിന്നിടുമ്പോൾ ഡിജിറ്റൽ വേർഷനിൽ ഒരിക്കൽക്കൂടി തിയേറ്ററിലെത്താൻ തയാറെടുക്കുന്നു
വാനപ്രസ്ഥം: ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരു. സംഗീതം നൽകിയിക്കുന്നത് വിഖ്യാത തബലിസ്റ്റായ സക്കീർ ഹുസൈനാണ്.1999-ലെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി കുഞ്ഞിക്കുട്ടൻ എന്ന കഥകളി നടന്റെ കഥാപാത്രം വിലയിരുത്തപ്പെടുന്നു
പരദേശി: രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുൻപുള്ള ഒരു വിഭാഗം ജനതയുടെ പ്രതിനിധിയുടെ കഥ പറഞ്ഞ പരദേശിയിൽ പ്രായത്തെ വെല്ലുന്ന വേഷവുമായി മോഹൻലാൽ എത്തി. 35 മുതൽ 80 വയസ്സ് വരെയുള്ള വലിയകത്തു മൂസയുടെ മുഖമായി മോഹൻലാലിന്റെ വേഷപ്പകർച്ച. മോഹൻലാലിന് ഒരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു ഈ പി.ടി. കുഞ്ഞുമുഹമ്മദ് ചിത്രം
ലൂസിഫർ: പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം, ലൂസിഫർ, മലയാളത്തിലെ ആദ്യ 200 കോടി ക്ളബ് ചിത്രം എന്ന ഖ്യാതിയാണ് റിലീസിന്റെ 50-ാം ദിവസം നേടിയെടുത്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ ചിത്രം 200 കോടിയും കടന്നിരിക്കുന്നു. ഇതിൽ 13 കോടിക്ക് മേൽ ലഭിച്ചത് ആമസോൺ പ്രൈം വീഡിയോ വഴിയുള്ള പ്രദർശനാനുമതിയിൽ നിന്നും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്