തെന്നിന്ത്യന്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷായിരുന്നു സുമലതയുടെ ഭർത്താവ്. 2018 നവംബര്‍ 24 നായിരുന്നു താരം അന്തരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സുമലതയും രാഷ്ട്രീയത്തിലേക്ക് എത്തി. സിനിമയിലൂടെ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയും വര്‍ഷങ്ങളോളം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്ത താരങ്ങളുടെ രസകരമായ ആ പ്രണയകഥ സുമലത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ എന്നതിലുപരി കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സുമലതയുടെ ഭര്‍ത്താവായ അംബരീഷ്. 2018 നവംബറിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് താരം അന്തരിച്ചത്. 1984 പുറത്തിറങ്ങിയ അഹൂതി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു അംബരീഷും സുമലതയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായകനായിരുന്നു അംബരീഷ്. എന്നാല്‍ സുമലത അന്ന് കന്നഡ സിനിമയ്ക്ക് പുതുമുഖ നടി ആയിരുന്നു.
ആന്ധ്രാപ്രദേശില്‍ ജനിച്ച സുമലത ആദ്യമായി തെലുങ്ക് ചിത്രത്തിലാണ് അഭിനയിച്ചത്. അഹൂതി എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സുമലതയെ കുറിച്ചുള്ള സംസാരം അവിടെ നടന്നിരുന്നു. തുടക്കത്തില്‍ ഇതിഹാസമായൊരു നടനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ സുമതലയ്ക്കും ഉണ്ടായിരുന്നു. അക്കാലത്ത് അംബരീഷിന്റെ സ്വഭാവത്തെ കുറിച്ചും പ്രവര്‍ത്തികളെ കുറിച്ചും ചില കഥകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായകനെ കുറിച്ച് തുടക്കത്തില്‍ കേട്ട കാര്യങ്ങള്‍ കൊണ്ട് സുമലത അംബരീഷുമായി സുരക്ഷിതമായ അകലം പാലിച്ചു.
അതിന് ശേഷം 1987 ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും തമ്മില്‍ സൗഹൃദം ഉടലെടുക്കുന്നത്. 1989 ലാണ് സുമലതയെ ഇഷ്ടമാണെന്നുള്ള കാര്യം അംബരീഷ് തുറന്ന് പറയുന്നത്. സുമലത ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലൊരു പ്രൊപ്പോസലായിരുന്നു അത്. ഇരുവരുടെയും സ്വഭാവം ഏകദേശം ഒരുപോലെ ആയിരുന്നതിനാല്‍ ഒന്നിക്കാന്‍ വേഗം സാധിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു. ചില കാര്യങ്ങളില്‍ ഞങ്ങള്‍ എതിര്‍ ദിശയിലാണ് താനും.
സിനിമാ ലൊക്കേഷനുകളില്‍ ഏറ്റവു ഉച്ചത്തില്‍ സംസാരിക്കുന്ന ആളായിരുന്നു അംബരീഷ്. എന്നാല്‍ താന്‍ പതിയെ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളുമാണ്. ഷൂട്ടിങ് സെറ്റില്‍ ഉറക്കം തൂങ്ങി ഇരിക്കുന്ന ആരും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു അദ്ദേഹം. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ അദ്ദേഹം തന്നെ നടത്താറുമുണ്ട്. ഇതൊക്കെയാണ് അംബരീഷിലേക്ക് സുമലതയെ അടുപ്പിച്ച കാര്യങ്ങള്‍. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 1991ലാണ് ഇരുവരും വിവാഹിതരായത്.
വിവാഹസമയത്ത് അംബരീഷിന് 39 വയസുണ്ടായിരുന്നു. സുമലതയുമായി പതിനൊന്ന് വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ദാമ്പത്യ ജീവിതം നല്ല രീതിയില്‍ കൊണ്ട് പോകാന്‍ ഇരുവര്‍ക്കും സാധിച്ചു. 27 വര്‍ഷത്തോളം ദമ്പതിമാരായി കഴിയാനുള്ള ഭാഗ്യവും ഇരുവര്‍ക്കുമുണ്ടായി. സിനിമകളില്‍ നിന്നും മാറി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അംബരീഷ് 2018 ല്‍ രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കവേയാണ് അന്തരിച്ചത്.