ഇന്ത്യ ലോകത്തിന്റെ നെറുകയിൽ; നേട്ടങ്ങളുടെ പൊന്നോണക്കാലം
- Published by:Rajesh V
- news18-malayalam
Last Updated:
ഏഴുദിവസത്തിനിടെ രാജ്യം സ്വന്തമാക്കിയ അഭിമാനാർഹമായ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ നേട്ടങ്ങളുടെ ഒരാഴ്ചയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ നെറുകയിൽ സുവർണശോഭയോടെ ഇന്ത്യ തിളങ്ങി നിന്ന ദിവസങ്ങളായിരുന്നു പിന്നിട്ടത്. ചന്ദ്രയാൻ-3 സോഫ്റ്റ്ലാൻഡിംഗ് മുതൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ നീരജ് ചോപ്രയുടെ സ്വര്‍ണമെഡല്‍ വരെയുള്ള നേട്ടങ്ങളാണ് ഇക്കാലയളവിൽ സംഭവിച്ചത്. ഏഴുദിവസത്തിനിടെ രാജ്യം സ്വന്തമാക്കിയ അഭിമാനാർഹമായ നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
advertisement
ചന്ദ്രയാൻ-3 (ഓഗസ്റ്റ് 23): 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രനില്‍ കാലുകുത്തി. ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. വൈകിട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
advertisement
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽവിഎം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 40 ദിവസം കൊണ്ട് ആദ്യം ഭൂമിയുടെയും പിന്നീട് ചന്ദ്രന്‍റെയും ഭ്രമണപഥത്തിൽ ചന്ദ്രയാൻ മൂന്ന് വലംവെച്ചു. ഓഗസ്റ്റ് 23ന് ഭ്രമണപഥത്തിൽ ചന്ദ്രന് ഏറ്റവും അടുത്തെത്തിയതോടെ ചന്ദ്രന് തിരശ്ചീനമായി സഞ്ചരിച്ച ലാൻഡർ മൊഡ്യൂളിനെ ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിപ്പിച്ച് ലംബമാക്കി മാറ്റി. തുടർന്ന് മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ എതിർ ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ച് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി.
advertisement
പ്രഗ്നാനന്ദയുടെ കുതിപ്പ് (ഓഗസ്റ്റ് 24): ചെസ് ലോകകപ്പ് ഫൈനലില്‍ നോർവേയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റെങ്കിലും വിജയത്തിന് സമാനമായ നേട്ടമാണ് 19കാരനായ ആർ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. 2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്ഗ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടി.
advertisement
ചെസ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് കാൾസനും പ്രഗ്നാനന്ദയും നേര്‍ക്കുനേര്‍ വരുന്നത്. നോർവേയുടെ ഇതിഹാസ താരത്തെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രഗ്നാനന്ദയെ സംബന്ധിച്ച് ചെറിയ നേട്ടമല്ല. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്. മുന്നിലുള്ള പോരാട്ടങ്ങൾക്ക് പ്രഗ്ഗയുടെ വെള്ളി മെഡല്‍ നേട്ടം പ്രചോദനമാകും. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് പ്രഗ്ഗ ഫൈനലുറപ്പിച്ചത്.
advertisement
എച്ച് എസ് പ്രണോയിയുടെ വെങ്കല മെഡൽ (ഓഗസ്റ്റ് 26): കോപൻഹേഗനിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സെമിയിൽ തോറ്റെങ്കിലും തിരുവനന്തപുരം സ്വദേശിയായ പ്രണോയിയുടെ വെങ്കല നേട്ടം മലയാളികൾക്കും അഭിമാനമായി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കുന്ന ആദ്യ കേരളീയനാണ് 31കാരൻ. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തായ്ലൻഡുകാരൻ കുൻലാവുത് വിറ്റിഡ്സൺ പ്രണോയിയെ പരാജയപ്പെടുത്തിയത്. സ്കോർ 21-18, 13-21, 14-21.
advertisement
ലോക ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിൽ എത്തിയത്. സെമിയിലുംപ്രണോയിയുടെ തുടക്കം പ്രതീക്ഷയേകുന്നതായിരുന്നെങ്കിലും അവസാനം വരുത്തിയ പിഴവുകൾ തിരിച്ചടിയായി. ആദ്യ ഗെയിം മികച്ച പ്രകടനം പുറത്തെടുത്ത് സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി. രണ്ട്, മൂന്ന് ഗെയിമുകളില്‍ എതിരാളിക്ക് യാതൊരു വിധത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ പ്രണോയ്ക്കായില്ല.
advertisement
പുരുഷ 4X400 റിലേ പുരുഷ ടീം (ഓഗസ്റ്റ് 27): ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ 4X400 റിലേയില്‍ മെഡല്‍ നേടിയില്ലെങ്കിലും തലയുയര്‍ത്തി മടങ്ങി മൂന്ന് മലയാളികളടങ്ങിയ ഇന്ത്യന്‍ സംഘം. മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രജേഷ് രമേഷ് എന്നിവരാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ രാജ്യത്തിന് അഭിമാനമായത്. അഞ്ചാമതാണ് ടീം ഫിനിഷ് ചെയ്തത് (2 മിനിറ്റ് 59.92 സെക്കന്‍ഡ്). മത്സരത്തില്‍ യുഎസ് സ്വര്‍ണവും ഫ്രാന്‍സ് വെള്ളിയും ബ്രിട്ടന്‍ വെങ്കലവും നേടി.
advertisement
advertisement
നീരജ് ചോപ്രയുടെ ചരിത്ര മെഡൽ (ഓഗസ്റ്റ് 28): ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് നീരജ് ചോപ്ര. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂർവ നേട്ടവും നീരജ് സ്വന്തമാക്കി. പാകിസ്ഥാന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. നീരജിന്റെ ആദ്യശ്രമം ഫൗളായി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
advertisement
കഴിഞ്ഞവര്‍ഷം യൂജിനിന്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റര്‍ ദൂരമാണ് അന്ന് അദ്ദേഹം എറിഞ്ഞത്. ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം, നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ ജെനയ്ക്കും ഡി പി മനുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അഞ്ചാം സ്ഥാനത്തെത്തിയ കിഷോര്‍ ജെന (84.77 മീറ്റര്‍) കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡി പി മനു (84.12 മീറ്റര്‍) ആറാം സ്ഥാനത്തെത്തി