പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെത്തി. ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി വന്ദേഭാരത് എക്സ്പ്രസിന്റെ പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ ട്രെയിൻ സെക്കന്ദരാബാദ്-തിരുപ്പതി റൂട്ടിലാണ് ഓടുന്നത്. ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനാണിത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങിൽ സംബന്ധിച്ചു. തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആണിത്.
തിരുപ്പതി ക്ഷേത്രം സന്ദർശിക്കുന്ന തീർത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സർവീസ് ആരംഭിച്ചത്. സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഈ റൂട്ടിലെ യാത്രാ സമയം കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. രണ്ട് നഗരങ്ങൾക്കിടയിലുള്ള 660 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറും 30 മിനിറ്റും കൊണ്ട് ട്രെയിൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര പദ്ധതികൾക്ക് തടസം നിൽക്കരുതെന്നും വികസനം ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്നും ബിആർഎസ് സർക്കാരിനോട് മോദി പറഞ്ഞു. ഹൈദരാബാദിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി, കേന്ദ്രസംരംഭങ്ങളോടുള്ള സംസ്ഥാന ഭരണസംവിധാനത്തിന്റെ നിസ്സഹകരണത്തിൽ ‘വേദന’ പ്രകടിപ്പിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളെ ബാധിക്കുന്ന കേന്ദ്ര പദ്ധതികളിൽ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തിൽ വേദനയുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
"തെലങ്കാനയിലെ ജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന വികസനങ്ങളിൽ ഒരു തടസ്സവും സൃഷ്ടിക്കരുതെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് എവിടെ നിന്ന് നേട്ടം കൊയ്യാമെന്ന് നോക്കാനാണ് പരിവാർവാദത്തെ (കുടുംബ രാഷ്ട്രീയം) പ്രോത്സാഹിപ്പിക്കുന്ന ഒരുപിടി ആളുകൾ ശ്രമിക്കുന്നതെന്ന് ഹൈദരാബാദിൽ നടന്ന പൊതുയോഗത്തിൽ പേരൊന്നും പരാമർശിക്കാതെ മോദി പറഞ്ഞു.
പുതിയ വന്ദേഭാരത് എക്സ്പ്രസ് രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടും. പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്. രാത്രി ഒമ്പത് മണിക്ക് തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ എത്തും. മുമ്പത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളെപ്പോലെ, ഈ ട്രെയിനും ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതി സ്റ്റേഷനിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ (ട്രെയിൻ നമ്പർ 20701) ടിക്കറ്റ് നിരക്ക് 1680 രൂപയാണ്. ഓപ്ഷണൽ കാറ്ററിങ് ചാർജ് 364 രൂപയായിരിക്കും.
ചെയർ കാറിൽ 1625 രൂപയും കാറ്ററിംഗ് ചാർജായി 308 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറുകൾക്ക് 3030 രൂപയും കാറ്ററിംഗ് ചാർജായി 369 രൂപയും ആയിരിക്കും. ജയ്പൂർ-ന്യൂഡൽഹി, ന്യൂ ജൽപായ്ഗുരി-ഗുവാഹത്തി, ഉധംപൂർ-ശ്രീനഗർ, ബാരാമുള്ള എന്നിവയുൾപ്പെടെ നിരവധി റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.