ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനായി ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനം കേരളത്തിൽ ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് എയർവെയ്സ് വിമാനം കേരളത്തിൽ ലാൻഡ് ചെയ്യുന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക നിർദേശത്തിലാണ് വിമാനമെത്തിയത്. ഇന്നലെ വൈകീട്ട് 5.25ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ വിമാനം ഏഴരയോടെ 110 യാത്രക്കാരുമായി കൊച്ചിയിലെത്തി. കൊച്ചിയിൽ നിന്ന് 158 പേരേയും കൂട്ടി ആകെ 268 യാത്രക്കാരുമായാണ് വിമാനം യുകെയിലേക്കു പറന്നത്. ബഹ്റൈൻ വഴിയാണ് മടക്കം. കേരളത്തിലും തമിഴ്നാട്ടിലും ചികിത്സക്കും വിനോദ സഞ്ചാരത്തിനുമായി എത്തിയവരാണു യാത്രക്കാരെല്ലാവരും. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഇവർ മടങ്ങിയത്.