ലൈഫ് മിഷൻ സി ഇ ഒ യു വി ജോസ് സിബിഐ ചോദ്യം ചെയ്യുന്നു. ലൈഫ് മിഷനും റെഡ്ക്രസൻ്റും തമ്മിലുള്ള കരാറുകൾ അടക്കമുള്ള കാര്യങ്ങളിലാണ് സി ബി ഐ, യു വി ജോസിൽ വിവരങ്ങൾ തേടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററേയും നഗരസഭ സെക്രട്ടറിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ലൈഫ് മിഷൻ സി ഇ ഒ, യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നത്.
യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകൾ, റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച രേഖകളും സിബിഐയ്ക്ക് മുന്നിൽ യു വി ജോസ് ഹാജരാക്കും. പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളുടെ അസൽ പകർപ്പും ലൈഫ് മിഷനോട് സിബിഐയ്ക്ക് ആവശ്യപ്പെട്ടിരുന്നു.
ലൈഫ് മിഷന് ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന് പദ്ധതിയുമായുള്ള ബന്ധം കൃത്യമായി വിശദീകരിക്കുന്ന ധാരണാപത്രം അടക്കം 6 രേഖകളാണ് സിബിഐ യു വി ജോസിനോട് ആവശ്യപ്പെട്ടിരുന്നത്. പദ്ധതിയ്ക്ക് വിദേശ സഹായം കൈപ്പറ്റുന്നതിന് മുൻപ് ലഭിച്ച നിയമോപദേശത്തെ കുറിച്ചും യു വി ജോസിന് സിബിഐയ്ക്ക് മുന്നിൽ വിശദീകരിക്കേണ്ടിവരും. ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടിയ ശേഷമാകും സർക്കാർ തലത്തിലെ ഇടപെടലുകളെ കുറിച്ച് സി ബി ഐ അന്വേഷിക്കുക.
ഫ്‌ളാറ്റ് നിര്‍മ്മാണത്തിന്റെ കരാര്‍ മുതല്‍ കമ്മീഷന്‍ ഇടപാട് വരെ മൊത്തം ക്രമക്കേടുണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. യു.വി.ജോസിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പദ്ധതിയുടെ ഉപകരാര്‍ ലഭിച്ച യൂണി ടാക്കിന്റെ എം.ഡി. സന്തോഷ് ഈപ്പന്‍, ഭാര്യ സീമ സന്തോഷ്, ലൈഫ്മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.