മലപ്പുറം: ശബരിമല ശാസ്താവിനെ മനസ്സിലോർത്തു ഇടത് പക്ഷത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വണ്ടൂരില്‍ നടന്ന എൻ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ വികസന മുദ്രാവാക്യങ്ങൾക്ക് ഒപ്പം ബി ജെ പി ഉയർത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശം തന്നെയാണ്. ശബരിമല മറക്കരുത് എന്ന് ഓർമിപ്പിച്ച് ആയിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.'എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തൻമാരോട് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക" - പ്രസംഗത്തിൽ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞു.
വണ്ടൂരിൽ ഉൾപ്പെടെ കേരളത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട അറുപതോളം പേർ ബി ജെ പിയുടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർത്ഥി സുൽഫത്ത് ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ബി ജെ പിയിലേക്ക് എത്തിയ അഞ്ച് സ്ഥാനാർത്ഥികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. വണ്ടൂർ പഞ്ചായത്തിലെ 23 സീറ്റിൽ 15 സീറ്റിലാണ് ഇത്തവണ ബി ജെ പി മത്സരിക്കുന്നത്.