മലപ്പുറം: കുറ്റകൃത്യങ്ങള്‍ പിടിക്കുകയും തെളിയിക്കുകയും മാത്രമല്ല മറിച്ച് കരുതലും പരിപാലനവും കൂടിയാണ് പോലീസ് ജോലി എന്ന് തെളിയിക്കുകയാണ് മലപ്പുറം പാണ്ടിക്കാട്ടെ പോലീസുകാര്‍. ലോക് ഡൗണ്‍ കാലത്ത് പന്തല്ലൂര്‍ ആനപ്പാത്ത് കോളനിയില്‍ ചാരായവാറ്റ് പിടിക്കാനെത്തിയ പോലീസ് കണ്ടത് ഒട്ടും സുരക്ഷയില്ലാത കഴിയുന്ന ഒരു കുടുംബത്തിലെ നാലു പെണ്‍കുട്ടികളെ ആണ്. അവരുടെ ജീവിതത്തില്‍ അനിവാര്യമായ സുരക്ഷ ഒരുക്കി നല്‍കാന്‍ സിഐ അമൃത് രംഗനും സഹപ്രവര്‍ത്തകര്‍ക്കും ഒരു ലോക് ഡൗണും തടസമായില്ല.
പാണ്ടിക്കാട് സിഐ അമൃത് രംഗനും സഹ പ്രവര്‍ത്തകരും ജൂണ്‍ ആദ്യ വാരമാണ് ആനപ്പാത്ത് കോളനിയില്‍ എത്തിയത്. പ്രദേശത്ത് ചാരായ വാറ്റ് വ്യാപകം ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. ഇതിനിടെ ആണ് സുരേഷിന്റെ വീട് അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൂലിപ്പണിക്കാരന്‍ ആയ സുരേഷിന്റെ വീട് ആയിരുന്നു അത്.ചുറ്റുമതിലില്ലാത്ത വീടിനോടു ചാരി നടവഴിയാണ്. നടവഴിയോട് ചാരി, നാലു മര കൊമ്പുകള്‍ കുത്തിവച്ച് പ്ലാസ്റ്റിക്ക് ഷീറ്റ് ചുറ്റിയാണ് ശുചിമുറി നിര്‍മിച്ചിരിക്കുന്നത്. സുരേഷിന്റെ 12, 16, 20, 21 വയസുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്നത് ഇവിടെയാണ് എന്നത് കൂടി പറയുമ്പോഴേ എത്ര മാത്രം ദുരവസ്ഥയില്‍ ആയിരുന്നു ഇവര്‍ എന്ന് മനസിലാകൂ.
ഒരു തരത്തിലും സുരക്ഷയില്ലാത്ത അവസ്ഥ. മുന്‍പെങ്ങോ ശുചിമുറിയുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നങ്കിലും സാമ്പത്തിക പ്രയാസം കാരണം സുരേഷിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സിഐയും സംഘവും പിന്നീട് ഇതിന് പരിഹാരം കാണാന്‍ ഉള്ള ശ്രമത്തില്‍ ആയി. അടച്ചുറപ്പുള്ള, സുരക്ഷിതമായ ഒരു ശുചിമുറി ഇവര്‍ക്ക് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി പണം കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും തേടി.
ഒരു ലക്ഷം രൂപയോളം സമാഹരിക്കാന്‍ പോലീസിന് സാധിച്ചു. ലോക് ഡൗണ്‍ ആയത് കൊണ്ട് കല്ല് അടക്കം ഉള്ള നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തുക ആയിരുന്നു അടുത്ത വെല്ലുവിളി. അതിനും സിഐ മുന്നിട്ടിറങ്ങിയതോടെ എല്ലാം കണക്കാക്കിയതിലും വേഗത്തില്‍ നടന്നു.പണം കണ്ടെത്തി മാറി നില്‍ക്കുക ആയിരുന്നില്ല പോലീസ്, കല്ലും മണ്ണും ഒക്കെ ചുമന്നും ഉന്തുവണ്ടിയില്‍ എത്തിക്കാനും ഒക്കെ നേതൃത്വം നല്‍കുകയും ചെയ്തു ഇവര്‍.സുരേഷിന്റെവീടിനോട് ചേര്‍ന്ന് പേരിനുണ്ടായിരുന്ന കോഴിക്കൂട് മാറ്റിയാണ് ടൈല്‍സ് പതിച്ച പുതിയതൊന്ന് നിര്‍മ്മിച്ചത്. പൊളിച്ചതിന് പകരം നല്ലൊരു കോഴിക്കൂടും പോലീസ് വാങ്ങി നല്‍കി. ട്രിപ്പിള്‍ ലോക്ക് ഡൗണിനിടയിലും 20 ദിവസം കൊണ്ട് പുതിയ ശുചിമുറി നിര്‍മ്മിച്ചു. കഴിഞ്ഞ ദിവസം ആണ് നിര്‍മ്മാണം പൂര്‍ത്തിയായത്.
തെരഞ്ഞെടുപ്പ് കാലത്ത് ആണ് അമൃത് രംഗന്‍ പാണ്ടിക്കാട് സിഐ ആയി വന്നത്. 5 മാസം കൊണ്ട് 30 ഓളം കഞ്ചാവ് കേസുകള്‍ പിടികൂടിയ ഇദേഹം ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി നിരവധി ജനകീയ പ്രവര്‍ത്തങ്ങള്‍ നടത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം തൃശൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം ലഭിച്ച അമൃതരംഗന്‍ പാണ്ടിക്കാട് നിന്നും മടങ്ങി.ആനപാത്ത് കോളനി പോലീസ് ദത്തെടുത്തിട്ടുമുണ്ട്.