എന്നാൽ രാത്രിയോടെ സാഹചര്യങ്ങൾ എല്ലാം മാറി. അനിയന്ത്രിതമായ ജനത്തിരക്ക് ആണ് മലപ്പുറത്ത് അനുഭവപ്പെട്ടത്. തിരക്കും ബഹളവും എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന വിധം വളർന്നു. ഇതോടെ രാത്രി 12.15 ഓടെ ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം മലപ്പുറം ടൗൺ ഹാളിൽ നിന്നും പാണക്കാട് തറവാട്ടിലേക്ക് മാറ്റി. "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു." എന്ന് 12.30 ഓടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
" അനിയന്ത്രിത ജനപ്രവാഹം കാരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ കാണുന്നത് നിർത്തി വെച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് മൃതദേഹം ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും പിരിഞ്ഞു പോകണമെന്നും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു." എന്നായിരുന്നു ഡോ. എംകെ മുനീറിൻ്റെ ഫേസ്ബുക് പോസ്റ്റ്.
12.30 ഓടെ പാണക്കാട് തറവാട്ടിൽ എത്തിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം മതപരമായ ചടങ്ങുകൾക്ക് ശേഷം 2 മണിയോടെ ആണ് പാണക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ എത്തിച്ചത്. 3 മണിയോടെ ഖബറടക്കം പൂർത്തിയായി. പിതാവ് മർഹും പൂക്കോയ തങ്ങളുടെയും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബറിടങ്ങളോട് ചേർന്ന് ആണ് ഹൈദരലി ശിഹാബ് തങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത്.