കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി
- Published by:Rajesh V
- news18-malayalam
Last Updated:
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് കത്തുനല്‍കി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നും വ്യാജവാര്‍ത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് കത്തുനല്‍കി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം. ഈ വ്യാജവാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടര്‍മാരുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ താന്‍ എതിര്‍ത്തുവെന്ന തരത്തില്‍ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജകത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഒരു കത്തും താന്‍ തയാറാക്കുകയോ എഐസിസി അധ്യക്ഷന് നല്‍കുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജകത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയില്‍ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ പേരില്‍ ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത്.
advertisement
കണ്ണൂർ മണ്ഡലത്തിലേക്കെന്ന് മാത്രമല്ല, സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തില്‍ ഒന്നില്‍ പോലും ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് താന്‍ കത്തുനല്‍കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമാണ് തന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജകത്ത്. പരാജയഭീതി കാരണം രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന നുണ ബോംബ് മാത്രമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
Summary: KPCC President Sunny Joseph has officially filed a complaint with the Chief Electoral Officer and top police officials regarding a fraudulent letter circulating on social media. The fake document, created using the official KPCC letterhead, aims to create confusion regarding K. Sudhakaran’s candidacy in the Kannur Assembly constituency.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Apr 06, 2026 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ അയോഗ്യനെന്ന് KPCC ലെറ്റര്‍ഹെഡില്‍; വ്യാജവാർത്തക്കെതിരെ സണ്ണി ജോസഫ് പരാതി നല്‍കി










