ആദിവാസി ഫണ്ട് തട്ടി: CPI നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Last Updated:
സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൾ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്.
(റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികളെ കബളിപ്പിച്ച് ഭവന നിർമ്മാണ സഹായം തട്ടിയെടുത്തുവെന്ന പരാതിയിൽ സിപി ഐ നേതാവുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൾ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്. ഭൂതിവഴി ആദിവാസി ഊരിൽ ഭവന നിർമ്മാണ സഹായം തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
advertisement
അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരിൽ ഏഴു പേർക്ക് ഭവന നിർമാണത്തിനായി ലഭിച്ച പതിമൂന്നര ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. സി പി ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗമായ പി എം ബഷീർ, കരാറുകാരനായ അബ്ദുൾ ഗഫൂർ എന്നിവരെ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൃത്രിമ രേഖ ചമക്കൽ, വഞ്ചനാകുറ്റം, പട്ടികജാതി- പട്ടികവർഗ സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി. ഭൂതിവഴി ഊരുനിവാസിയായ കലാമണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
advertisement
ഊരിൽ കലാമണി ഉൾപ്പടെ ഏഴു പേരുടെ ഭവനനിർമാണം അബ്ദുൾ ഗഫൂറിന് കരാർ നൽകിയിരുന്നു. എന്നാൽ വീടുപണി പൂർത്തിയാക്കാതെ ഗുണഭോക്താക്കളെ കബളിപ്പിച്ച് 13,62,500 രൂപ അബ്ദുൾ ഗഫൂറും , സുഹൃത്ത് പി എം ബഷീറും വാർഡ് മെമ്പറുടെ സഹായത്തോടെ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ അഗളി പഞ്ചായത്തംഗം ജാക്കീർ, അഗളി ട്രൈബൽ ഓഫീസർ മുഹമ്മദ് നിസാറുദ്ദീൻ എന്നിവർക്കെതിരെയും പരാതിയുണ്ട്. അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതി , ലൈഫ് മിഷന്‍ പദ്ധതി എന്നിവ മുഖേന ഭവന നിർമ്മാണത്തിനായി ആദിവാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണമാണ് ആധാറുമായി ബന്ധിപ്പിക്കാനെന്ന വ്യാജേന സിപിഐ നേതാവായ പിഎം ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയത്.







