'താലികെട്ട്' ഇല്ലാതെ കല്യാണ ആൽബവും വീഡിയോയും; വരന് ഫോട്ടോഗ്രാഫർ 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിമിഷങ്ങളും രാഹുൽ കുമാറും സംഘവും ക്യാമറയിൽ പകർത്തി. എന്നാൽ താലികെട്ട് മാത്രമില്ല
ബെംഗളൂരു: വിവാഹമൊക്കെ കഴിഞ്ഞ് ആൽബവും വീഡിയോയുമൊക്കെ കൈയിൽ കിട്ടിയപ്പോൾ വരൻ ശരിക്കുമൊന്ന് ഞെട്ടി, എല്ലാമുണ്ട്, പക്ഷേ താലികെട്ട് മാത്രമില്ല. മുമ്പൊരു മലയാള സിനിമയിൽ കണ്ട സീനാണെന്ന് കരുതി തള്ളിക്കളയണ്ട. ബംഗളൂരുവിലാണ് സംഭവം. താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും നൽകിയതിന് വരൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഉപഭോക്തൃ കോടതി ഫോട്ടോഗ്രാഫർ വരന് 25000 രൂപ നൽകാൻ വിധി പുറപ്പെടുവിച്ചു.
advertisement
ബെംഗളൂരുവിലെ അറിയപ്പെടുന്ന വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ കുമാറാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. വിവാഹവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക നിമിഷങ്ങളും രാഹുൽ കുമാറും സംഘവും ക്യാമറയിൽ പകർത്തി. എന്നാൽ താലികെട്ട് മാത്രമില്ല. അതുമാത്രമല്ല, വിവാഹത്തിന്‍റെ ആൽബവും വീഡിയോയുമൊക്കെ നൽകാൻ വളരെ വൈകുകയും ചെയ്തു. താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും എങ്ങനെ നൽകുമെന്നതുകൊണ്ടാണ് മനപൂർവം വൈകിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
advertisement
ബംഗളുരൂ ഉത്തരഹള്ളിയിലെ നിതിൻ കുമാര്‍ എന്നയാളാണ് സ്വന്തം വിവാഹത്തിന്‍റെ താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും കണ്ട് ഞെട്ടിപ്പോയ ഹതഭാഗ്യവാൻ. 2019 നവംബര്‍ ഒമ്ബതിനായിരുന്നു നിതിൻ കുമാറിന്റെ വിവാഹം. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ ഏറ്റവും മനോഹരമായി പകർത്താനായി അതിപ്രശസ്തനായ രാഹുൽ കുമാറിനെ ഏൽപ്പിക്കുകയായിരുന്നു. 1.2 ലക്ഷം രൂപയുടെ വർക്കാണ് രാഹുലിന് നിതിൻ നൽകിയത്.
advertisement
വിവാഹത്തിന് മുന്നോടിയായി സേവ് ദ ഡേറ്റ് ഉൾപ്പടെ എല്ലാം നന്നായി ചിത്രീകരിച്ച രാഹുൽ അവയൊക്കെ നിതിന് കാണിച്ചുകൊടുക്കുകയും ചെയ്തു. വിവാഹത്തിനും നന്നായി തന്നെ രാഹുലും സംഘവും വീഡിയോയും ഫോട്ടോയുമൊക്കെ പകർത്തുന്നത് നിതിൻ കണ്ടിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ആൽബത്തിനായി വിളിച്ചപ്പോൾ നിതിൻ അവധി പറയുകയായിരുന്നു. ആദ്യം ഒരാഴ്ച അവധി പറഞ്ഞ രാഹുൽ പിന്നീട് അത് രണ്ടാഴ്ചയായി. ഒടുവിൽ നിതിനും സുഹൃത്തുക്കളും രാഹുലിന്‍റെ ഓഫീസിലെത്തി ബഹളം വെച്ചു.
advertisement
അങ്ങനെ 2020 മാര്‍ച്ചില്‍ കുറച്ച് ചിത്രങ്ങളുടെ സാംപിൾ മാത്രമായി നിതിന് രാഹുല്‍ അയച്ചുകൊടുത്തു. എന്നാല്‍ അതിൽ താലികെട്ട് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച് വീണ്ടും വിളിച്ചെങ്കിലും പിന്നീട് രാഹുൽ നിതിന്‍റെ ഫോൺ എടുക്കാതെയായി. ഒടുവിൽ 2021 ജനുവരിയില്‍ താലികെട്ട് വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നല്‍കാൻ തയ്യാറാണെന്നും രാഹുല്‍ നിതിനെ അറിയിച്ചു.
advertisement
ഇതോടെയാണ് നിതിൻ രാഹുലിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹർജി നൽകുകയും ചെയ്തത്. ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ രാഹുൽ തെറ്റ് സമ്മതിക്കുകയായിരുന്നു. മുഹൂർത്ത സമയത്തെ ദൃശ്യങ്ങൾ തന്‍റെ ഹാർഡ് ഡിസ്ക്കിൽനിന്ന് നഷ്ടമായതായാണ് ഇദ്ദേഹം കോടതിയിൽ പറഞ്ഞത്. ഏതായാലും കോടതി കോടതി ചെലവും പലിശയും ഉൾപ്പടെ 25000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഉടൻ തന്നെ നഷ്ടപരിഹാരം നൽകാൻ രാഹുൽ തയ്യാറാകുകയും ചെയ്തു.