പതിവ് ബഹളങ്ങൾക്ക് അപ്പുറം കേരളത്തിന്റെ ഐശ്വര്യം അതിൽ പ്രതിഫലിക്കണം. ദീപ്തിയുടെ മനസിൽ ഡിസൈനുകൾ മിന്നിമറഞ്ഞു. പിന്നെ അധികം വൈകിയില്ല. പാലക്കാട് കൂത്താംപള്ളിയിൽ പോയി നേരിട്ട് നെയ്ത്തുകാരിൽ നിന്ന് നെയ്തെടുത്ത തുണിയിൽ പാവാടയും ബ്ലൗസും തുന്നി. അതിൽ പ്രത്യേകം പറഞ്ഞ് ചെയ്യിച്ച കര വസ്ത്രത്തെ വേറിട്ടതാക്കി. ഒപ്പം ബീഡ്സ് സ്റ്റോൺ വർക്കുകൾ കൂടി വന്നതോടെ വസ്ത്രത്തിന് ദീപ്തി ടച്ച് കൈവന്നു.
വേറിട്ടു നിന്നത് മ്യൂറൽ ചിത്രങ്ങൾ- കസവുനിറത്തിലെ പാവാടയുടെ ഭംഗി നഷ്ടപ്പെടാതെ മ്യൂറൽ ചിത്രം ആലേഖനം ചെയ്യാനുള്ള ദീപ്തിയുടെ ശ്രമവും വിജയം കണ്ടു. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന കഥകളി രൂപങ്ങളാണ് മ്യൂറൽ ചിത്രമായി കോസ്റ്റ്യൂമിൽ തെളിഞ്ഞു നിന്നത്. ഒരു പാട് പേരിൽ നിന്നും ചിത്രങ്ങൾ ശേഖരിച്ചാണ് അനുയോജ്യമായ പെയിന്റിംഗ് തയാറാക്കിയതെന്ന് ദീപ്തി പറയുന്നു.
അധ്യാപികയിൽ നിന്ന് ഡിസൈനറിലേക്ക്- സ്കൂൾ അധ്യാപികയായിരുന്ന കൊച്ചിക്കാരി ദീപ്തി ജോലി രാജി വച്ച് തന്റെ പാഷന്റെ പിന്നാലെ പോവുകയായിരുന്നു. ആദ്യം ഒരു വെബ്സൈറ്റ് തുടങ്ങി. ഇപ്പോൾ എറണാകുളത്ത് റിവോൾട്ട് എന്ന പേരിൽ ബൂട്ടിക്കും നടത്തുന്നു. ബ്രൈഡൽ, പാർട്ടി വെയർ തുടങ്ങി കസ്റ്റമറിന്റെ ഇഷ്ടാനുസരം വസ്ത്രങ്ങൾ ഒരുക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ദീപ്തി ഇപ്പോൾ. എല്ലാ പിന്തുണയും നൽകി ഭർത്താവ് ബിപിൻ ചന്ദ്രനും മക്കളായ ആദിത്യനും അഭയനും.