നെഞ്ചിന്‍റെ മധ്യഭാഗം മുതൽ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടുന്നതുമാണ് സാധാരണയായി ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ. ഈ വേദന തോളിലൂടെ കൈകളിലേക്കും വ്യാപിക്കാറുണ്ട്. തലകറക്കം, ഛർദ്ദി എന്നിവയൊക്കെ ഹാർട്ട് അറ്റാക്കിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങളൊന്നുമില്ലാതെയും, അല്ലെങ്കിൽ വളരെ നിസാരമായ ലക്ഷണങ്ങളോടെയും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിനെയാണ് സൈലന്‍റ് അറ്റാക്ക് എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നോക്കാം. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികൾ തടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് ഹൃദയപേശികളിലെ ഓക്സിജന്റെയും പോഷകങ്ങളുടെയും അഭാവത്തിന് ഇടയാക്കുന്നു. ദഹനക്കേട്, ദുർബലമാകുന്ന പേശികൾ, ക്ഷീണം തുടങ്ങിയ ശക്തമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് അറ്റാക്ക് വരുന്നതെങ്കിൽ അതിനെ 'നിശബ്ദ ഹൃദയാഘാതം' അഥവാ സൈലന്‍റ് അറ്റാക്ക് എന്ന് വിളിക്കുന്നു. എന്തൊക്കെയാണ് സൈലന്‍റ് അറ്റാക്കിന്‍റെ ലക്ഷണങ്ങളെന്ന് നോക്കാം...
നെഞ്ചിന് ഭാര കൂടുതൽ- അസഹനീയമായ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ്, പക്ഷേ നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ ഇല്ലാതെയും അറ്റാക്ക് ഉണ്ടാകാം. ചില സമയങ്ങളിൽ, നെഞ്ചിനുള്ളിൽ വലിയ ഭാരം അനുഭവപ്പെടുന്നതായി തോന്നാം. എന്നാൽ മറ്റ് വേദനയോ അസ്വസ്ഥതയോ ഉണ്ടാകുകയുമില്ല. നിശബ്ദമായ ഹൃദയാഘാതത്തിന്റെ അസാധാരണമായ ലക്ഷണങ്ങളിലൊന്നായിരിക്കാം ഇത്. അതുകൊണ്ടു തന്നെ ഇത്തരമൊരു അവസ്ഥ ഉണ്ടായാൽ തള്ളിക്കളയരുത്. ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടണം.
ലക്ഷണം മറ്റ് ശരീരഭാഗങ്ങളിൽ- ഹൃദയാഘാതം ഒരാളുടെ ഹൃദയത്തെ മാത്രമല്ല ബാധിക്കുന്നത്, മറ്റ് ശരീരഭാഗങ്ങളും ഹൃദയാഘാതം ബാധിച്ചേക്കാം. കൂടാതെ നിങ്ങളുടെ ഹൃദയധമനികളിൽ തടസ്സം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളും കാണിച്ചേക്കാം. നിങ്ങളിൽ ചിലർക്ക് ഈ ശരീരഭാഗങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം - കൈകൾ, പുറം, കഴുത്ത്, താടിയെല്ല്, ആമാശയം എന്നിവിടങ്ങളിലാണ് ഇത് അനുഭവപ്പെടുന്നത്. അതേസമയം നെഞ്ചിനുള്ളിൽ മറ്റ് അസ്വസ്ഥതകളൊന്നും അനുഭവപ്പെടുകയുമില്ല. ഈ അവസ്ഥയും സൈലന്‍റ് അറ്റാക്കിന് കാരണമാകാം.
ഓർക്കാനവും വിയർപ്പും- നല്ല തണുത്ത കാലാവസ്ഥയിലും വിയർക്കുന്ന അവസ്ഥ ഉണ്ടായാൽ അത് ഏറെ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നമാണ്. ഒപ്പം ഓർക്കാനവും അനുഭവപ്പെട്ടാൽ, അത് ഒരു സൈലന്‍റ് അറ്റാക്കിനുള്ള സാധ്യതയായി കണക്കാക്കേണ്ടി വരും. ഉറക്കത്തിൽ വിയർത്ത് ഉണരുക, പെട്ടെന്ന് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവ നിശബ്ദമായ ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങളാണ്. ജലദോഷം അല്ലെങ്കിൽ പനി ബാധിച്ചതിന്റെ ലക്ഷണങ്ങളായും ഇത് ഉണ്ടാകാം. പക്ഷേ ജലദോഷമോ ചുമയോ ഇല്ലാതെ ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം അടിയന്തര വൈദ്യസഹായം തേടുക.
ശ്വാസംമുട്ടും ക്ഷീണവും- നെഞ്ചിനുള്ളിൽ വലിയ ബുദ്ധിമുട്ട് ഇല്ലാത്തപോഴും ശ്വാസംമുട്ടും ക്ഷീണവും അനുഭവപ്പെട്ടാൽ അത് സൈലന്‍റ് അറ്റാക്കിന്‍റെ ലക്ഷണമായി കണക്കാക്കണം. ചെറിയ ആയാസമുള്ള ജോലികൾ ചെയ്യുമ്പോഴും പടികൾ കയറുമ്പോഴും ഏറെ ദൂരം നടക്കുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുകയും ചെയ്താൽ ഡോക്ടറെ കാണാൻ വൈകരുത്. ഇത് ചിലരിലെങ്കിലും ചെറിയ തോതിലുള്ള നിശബ്ദമായ ഹൃദയാഘാത മുന്നറിയിപ്പായി കണക്കാക്കാം.