ദേശീയ പാത 66 ലൂടെ ഹരിപ്പാട് നിന്ന് ആലപ്പുഴയ്ക്കുള്ള പോകുമ്പോൾ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിൽ പുറക്കാടിന് അടുത്താണ് കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രം. ഒറ്റപ്പന എന്നാണ് കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രം നിൽക്കുന്ന സ്ഥലം അറിയപ്പെടുന്നത്. ക്ഷേത്രത്തിനു മുന്നിലെ പനയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്. അഖില കേരള ധീവരസഭ ബ്രാഞ്ച് 60 (അരയവംശ പരിപാലന കരയോഗ)ന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം.
എന്‍എച്ച് 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പന ഒരു തടസ്സമായതിനാല്‍ ഇത് വെട്ടിമാറ്റാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിര്‍ദ്ദേശിക്കുകയായിരുന്നു.വിശ്വാസവുമായി ബന്ധപ്പെട്ടതിനാൽ പന വെട്ടിമാറ്റുന്നതില്‍ ക്ഷേത്രം അധികൃതരുടെ അന്തിമ അനുമതിതേടി. ആചാരവുമായി ബന്ധപ്പെട്ട് സാവകാശം കാത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയാണ് പനയുമായി ബന്ധപ്പെട്ട ക്ഷേത്രത്തിലെ അവസാന ചടങ്ങ്. പിന്നീട് തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് കുമാർ ഭട്ടതിരിപാടിന്റെ അനുമതിയോടെയാകും പന മുറിക്കുന്നത്. പന മുറിക്കുന്നതിന് മുമ്പായി അത് അനുമതി തേടിയുള്ള ചടങ്ങുകളും ഉണ്ടാകും.ക്ഷേത്ര ഗോപുരത്തിനൊപ്പം രണ്ട് കൊടിമരങ്ങളും നീക്കം ചെയ്യും. കൂടാതെ ക്ഷേത്രത്തിന്റെ ആറ് സെന്റ് ഭൂമിയും നഷ്ടമാകും.