ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാൻ സ്ഥാപിച്ച യന്ത്രം ഒഴിവാക്കാൻ തീരുമാനമായി. യന്ത്രം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ക്ഷേത്രത്തിലെ ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുമെന്ന പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി. എലിശല്യം ഇല്ലാതാക്കാൻ ക്ഷേത്രഭാരവാഹികൾ യോജിച്ചെടുത്ത തീരുമാനമാണ് പൂജാരിമാരുടെ നിർദ്ദേശത്തെത്തുടർന്ന് മാറ്റുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച പുരി ജഗന്നാഥക്ഷേത്രത്തിൽ ജഗന്നാഥൻ, ബലഭദ്ര, സുഭദ്ര എന്നിവരാണ് പ്രതിഷ്ഠ. ഈ വർഷം ജനുവരിയിലാണ് വിഗ്രഹങ്ങളുടെ ഉടയാടകൾ എലി കരണ്ടതായി കണ്ടെത്തിയത്. തടിയിൽ നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്ക ഉയർന്നു. ഇതോടെയാണ് ക്ഷേത്രഭാരവാഹികൾ എലികളെ തുരത്താനുള്ള മാർഗം ആലോചിച്ചത്.