രാജ്യത്തെ കാർ വിപണിയിൽ മികച്ച വിൽപനയായിരുന്നു 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയത്. ഈ സാമ്പത്തികവർഷത്തിൽ 3,889,545 യൂണിറ്റ് കാറുകൾ വിറ്റഴിച്ച് സർവകാല റെക്കോർഡിലെത്തി. 2019 സാമ്പത്തികവർഷത്തിലെ 3,377,436 യൂണിറ്റുകളെന്ന റെക്കോർഡാണ് മറികടന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളിൽ ഏഴ് മോഡലുകൾ മാരുതി സുസുക്കിയുടേതും രണ്ടെണ്ണം , ടാറ്റ മോട്ടോഴ്‌സിന്‍റെയും ഒരെണ്ണം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടേയുമായിരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാർ വാഗൺആർ ആയിരുന്നെങ്കിൽ, നെക്‌സണാണ് ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവി.
മാരുതി സുസുകിയുടെ തന്നെ ബലേനോയാണ് രണ്ടാം സ്ഥാനത്ത്. ബലേനോ 2.03 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. മൂന്നാം സ്ഥാനത്ത് മാരുതി സുസുക്കിയുടെ തന്നെ ആൾട്ടോ (800 + K10) ആണ്. ആൾട്ടോ 800 കെ10, 1.80 ലക്ഷം യൂണിറ്റ് വിൽപ്പന നേടി. ഈ വർഷം ഏപ്രിൽ മുതൽ ആൾട്ടോ 800 വിൽപന നിർത്തലാക്കി. 1.77 ലക്ഷം യൂണിറ്റുമായി മാരുതി സുസുക്കി സ്വിഫ്റ്റാണ് നാലാം സ്ഥാനത്ത്.
ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ബ്രെസ്സ, ടാറ്റ പഞ്ച് എന്നിവയെ പിന്തള്ളി, ടാറ്റ നെക്‌സോൺ 23 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വിറ്റഴിച്ച എസ്.യു.വി എന്ന നേട്ടം കൈവരിച്ചു. 1.72 ലക്ഷം യൂണിറ്റുകളോടെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച കാറുകളിൽ അഞ്ചാം സ്ഥാനമാണ് നെക്സോണിന്. ടാറ്റയുടെ ഏറ്റവും ജനപ്രിയ മോഡലായ നെക്സോണിന് പിന്നിൽ മാരുതി സുസുക്കി ഡിസയർ ആണ്. വിൽപനയിൽ ആറാമതുള്ള ഡിസയർ 1.50 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു.
ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവി വിൽപ്പനയിൽ ടാറ്റ നെക്‌സോണിന് പിന്നിലാണെങ്കിലും, 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി മാറി. 1.50 ലക്ഷം യൂണിറ്റാണ് ക്രെറ്റ വിറ്റഴിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു മാരുതി മോഡലായ മാരുതി സുസുക്കി ബ്രെസ്സയാണ്. 1.46 ലക്ഷം യൂണിറ്റുകളാണ് ബ്രെസ്സ വിറ്റഴിച്ചത്. 1.34 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ടാറ്റ പഞ്ച് ആണ് തൊട്ടടുത്ത സ്ഥാനത്ത്.