സച്ചിനും വോണും നേര്‍ക്കുനേര്‍ വന്നാല്‍ ആവേശം കൊടിമുടി കയറും. ഒരുകാലത്ത് ഇന്ത്യ- ഓസീസ് പോരാട്ടം ഇരുവരുടെയും പേരിലാണ് അറിയപ്പെട്ടത്. 1993 മുതൽ 2005വരെ ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന്റെ ഹരം. എന്നാല്‍ സച്ചിന് മുന്നിൽ വോണിന്റെ തന്ത്രങ്ങൾ തകർന്നുവീണു.
വോണിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ തന്‍റെ പന്ത് നിലത്തുകുത്താന്‍ സച്ചിന്‍ സമയം അനുവദിച്ചില്ല. സ്‌പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ കരുത്തുള്ള തന്‍റെ ക്രിക്കറ്റ് ബുദ്ധി കൊണ്ട് സച്ചിന്‍ വോണിനും ചുട്ട മറുപടി നല്‍കുകയായിരുന്നു. ആദ്യ പന്ത് എറിയാനെത്തുന്നതുമുതൽ വോണിനെ കടന്നാക്രമിക്കുന്ന സച്ചിനെ എത്രവട്ടമാണ് നമ്മൾ കണ്ടിട്ടുള്ളത്. സ്വപ്നത്തിൽ സച്ചിന്റെ ബാറ്റിങ് കണ്ട് ഞെട്ടിയുണർന്നുവെന്ന് പോലും വോൺ തുറന്നുപറഞ്ഞിട്ടുണ്ട്.