കാലിഫോര്‍ണിയ: ഗോള്‍ഫ് ഇതിഹാസതാരം ടെഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ലോസാഞ്ചലസിൽ വുഡ്സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാലിൽ നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ വുഡ്സിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതര പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്‌സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടം. ലോസാഞ്ചലസിൽ കൗണ്ടി ഫെരിഫ്‌സ് വകുപ്പാണ് അപകട വിവരം പുറത്തുവിട്ടത്.
അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ൻബര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്‌സിന്റെ വാഹനം. (AP Photo/Mark J. Terrill)
അപകടം നടന്നതിന് പിന്നാലെ ലോസാഞ്ചൽസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്‌സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വുഡ്‌സിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നത്. ഇക്കൂട്ടത്തിലെ തന്നെ ഏറ്റവും ഭീകരമായ അപകടം നടന്നത് 2009ലായിരുന്നു. പലതവണ നടുവിനും കാൽമുട്ടിനും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
2009ലെ അപകടത്തിന് പിന്നാലെ ടൈഗർ വുഡ്സുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. ന്യൂയോര്‍ക്ക് സിറ്റി നൈറ്റ് ക്ലബ് മാനേജര്‍ റേച്ചലുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതായിരുന്നു തുടക്കം. പോണ്‍ ചലച്ചിത്ര നായിക ഡെവോണ്‍ ജെയിംസ് ആയിരുന്നു ആരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍.(AP Photo/Ringo H.W. Chiu)
ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരമെന്ന ഉയരത്തില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്കുള്ള വീഴ്‌ച ഈ അപകടത്തിന് ശേഷമായിരുന്നു. എന്നാല്‍ അവിടെ നിന്ന് 43-ാം വയസില്‍ കായികലോകത്തെ അത്ഭുതപ്പെടുത്തി 15-ാം മേജര്‍ കിരീടവും അഞ്ചാം മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് ടൈഗര്‍ വുഡ്സ് നടത്തിയത്. 45 കാരനായ വുഡ്സ് കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ കായികതാരമായാണ് കണക്കാക്കുന്നത്.
ലഹരി ഉപയോഗിച്ച് കാർ ഓടിച്ചതിന് 2017ൽ വുഡ്സിനെ അറസ്റ്റ് ചെയ്തിരുന്നു. അതേവർഷം വീണ്ടും നടുവിന് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. 90കളിൽ ടൈഗർ വുഡ്സും ബാസ്ക്കറ്റ് ബോൾ താരം മൈക്കൾ ജോർദാനുമായിരുന്നു ലോകത്തിലെ കായികമേഖലയിൽ നിറഞ്ഞുനിന്ന ഇതിഹാസ താരങ്ങൾ. 1997ൽ മാസ്റ്റേഴ്സ് ടൈറ്റിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരനായിരുന്നു അദ്ദേഹം.
തുടർച്ചയായി 683 ആഴ്ച ലോക ഒന്നാം നമ്പർ താരമായി നിലനിന്ന താരമായിരുന്നു ടൈഗർ വുഡ്സ്. ഗോള്‍ഫ് ഇതിഹാസമെന്ന നിലയില്‍ ലോകത്താകെമാനും വളരെ വലിയ ആരാധകരുള്ള താരമാണ് ടൈഗര്‍ വുഡ്‌സ്. അമേരിക്കക്കാരനായ അദ്ദേഹം 15ഓളം മേജര്‍ ടൂര്‍ണമെന്റുകളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്. 2019ലെ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലും വുഡ്‌സായിരുന്നു ജേതാവ്. കരിയറില്‍ 150ഓളം കിരീടങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
1997 ല്‍ മാസ്‌റ്റേഴ്‌സ് ജയം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വുഡ്‌സിന്റേതായിരുന്നു. തന്റെ 21 ാം വയസിലായിരുന്നു താരം നേട്ടത്തിലെത്തിയത്. അതിന് ശേഷം നിരവധി ജയങ്ങള്‍ നേടി ലോക ഒന്നാം നമ്പര്‍ താരമായി മാറി. 14 തവണ മേജര്‍ ചാമ്പ്യനായ ശേഷം വുഡ്സ് 2015-16 സീസണ്‍ പരിക്ക് കാരണം മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു. 2014 ല്‍ പുറം വേദനയെ തുടര്‍ന്ന് കരിയറില്‍ താരത്തിന്റേത് നിറം മങ്ങിയ പ്രകടനമായിരുന്നു. 2017 ല്‍ ശസ്ത്രക്രിയക്ക് ശേഷം അഞ്ച് വര്‍ഷത്തിനിടയില്‍ മികച്ച തിരിച്ചു വരവാണ് വുഡ്സ് നടത്തിയത്.