ബ്രിസ്ബെയ്ന്‍: ഇന്ത്യ - ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ കാരണം കളി തടസപ്പെട്ടു. മത്സരത്തിന്റെ അവസാന രണ്ട് സെഷനുകളിൽ മഴമൂലം ഒരു പന്തു പോലും എറിയാൻ സാധിച്ചില്ല. ആദ്യ ഇന്നിങ്ങ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 62 റണ്‍സ് നേടുന്നതിനിടയില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(44) ശുഭ്മാന്‍ ഗില്ലുമാണ്(ഏഴ്) പുറത്തായത്. നിലവില്‍ എട്ടു റണ്‍സുമായി പൂജാരയും രണ്ട് റണ്‍സുമായി നായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്
ആദ്യ വിക്കറ്റ് വീഴുമ്ബോള്‍ പതിനൊന്ന് റണ്ണായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന ഓപ്പണര്‍ രോഹിത് ശര്‍മയെയാണ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 44 റണ്‍സെടുത്ത രോഹിത്തിനെ നഥാന്‍ ലിയോണ്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈയ്യിലെത്തിക്കുകയായിരുന്നു. രോഹിത് പുറത്താവുമ്ബോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടിന് 62 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ മഴ മൂലം കളി നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴും 307 റൺസ് പിന്നിലാണ് ഇന്ത്യ.
നേരത്തെ അഞ്ചിന് 274 എന്ന നിലയിൽ ബാറ്റിങ് തുടർന്ന് ഓസ്ട്രേലിയ 369 റൺസിന് പുറത്താകുകയായിരുന്നു. ഓസീസിനു വേണ്ടി മാർനസ് ലാബുഷെയ്ൻ(108) സെഞ്ച്വറി നേടിയിരുന്നു. നായകൻ ടിം പെയ്ൻ 50 റൺസെടുത്ത് പുറത്തായി. കാമെറോൻ ഗ്രീൻ 47 റൺസും മാത്യു വെയ്ഡ് 45 റൺസുമെടുത്ത് പുറത്തായി. സ്റ്റീവ് സ്മിത്ത് 36 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ടി നടരാജൻ, ഷർദ്ദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. മൊഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. നാളെ രാവിലെ അരമണിക്കൂര്‍ നേരത്തേ മത്സരമാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.