ഇവനാണ് യഥാര്‍ത്ഥ 'എലിമിനേറ്റര്‍'; ആകാശ് മധ്‌വാളിന്‍റെ ഉജ്വല പ്രകടനം; മുംബൈ ക്വാളിഫയറിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്‌വാൾ സാക്ഷാൽ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി.
ബൗളര്‍മാര്‍ അഴിഞ്ഞാടിയ ഐഎപിഎല്‍ പ്ലേ ഓഫിലെ എലിമിനേറ്റര്‍ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയിന്‍റിസിനെതിരെ മുംബൈ ഇന്ത്യന്‍സിന് 81 റണ്‍സിന്‍റെ ഉജ്വല വിജയം. മൂന്ന് ഓവറും മൂന്ന് പന്തകളും എറിഞ്ഞ് 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റെടുത്ത ആകാശ് മധ്‌വാളിന്‍റെ പ്രകടനമാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ക്വാളിഫയറില്‍ ഹാര്‍ദിക്- ക്രുണാല്‍ പാണ്ഡ്യ സഹോദരങ്ങളുടെ മത്സരം പ്രതീക്ഷിച്ചവരുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു മുംബൈയുടെ പ്രകടനം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ചെന്നൈയോട് പരാജയപ്പെട്ട ഗുജറാത്താണ് രോഹിത് ശര്‍മ്മക്കും കൂട്ടര്‍ക്കും എതിരാളികള്‍.
advertisement
നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 21 പന്തുകള്‍ അവശേഷിക്കേ 101 റണ്‍സിന് എല്ലാവരും പുറത്തായി. മുംബൈയുടെ ബോളിങ്-ഫീല്‍ഡിങ് മേഖലകളിലെ മികച്ച പ്രകടനമാണ് ലക്നൗ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴാന്‍ കാരണം. 32 റണ്‍സ് എടുക്കുന്നതിനിടയിലാണ് ലക്നൗ ടീമിലെ അവസാന 8 വിക്കറ്റുകള്‍ വീണത്. ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ക്കിടയിലെ അശ്രദ്ധമായ ഓട്ടം മുംബൈ ഫീല്‍ഡര്‍മാര്‍ ശരിക്കും മുതലാക്കി.
advertisement
ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്‌വാൾ സാക്ഷാൽ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 40 റൺസെടുത്ത മാർക്കസ് സ്റ്റോയ്നിസാണ് ലക്നൗ നിരയിലെ ടോപ് സ്കോറർ. സ്റ്റോയ്നിസിനു പുറമെ ലക്നൗ നിരയിൽ രണ്ടക്കം കണ്ടത് ഓപ്പണർ കൈൽ മയേഴ്സ് (13 പന്തിൽ മൂന്നു ഫോറുകൾ സഹിതം 18), ദീപക് ഹൂഡ (13 പന്തിൽ ഒരു സിക്സ് സഹിതം 15) എന്നിവർ മാത്രം. ഓപ്പണർ പ്രേരക് മങ്കാദ് (ആറു പന്തിൽ മൂന്ന്), ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ (11 പന്തിൽ എട്ട്), ആയുഷ് ബദോനി (ഏഴു പന്തിൽ ഒന്ന്), നിക്കോളാസ് പുരാൻ (പൂജ്യം), കൃഷ്ണപ്പ ഗൗതം (മൂന്നു പന്തിൽ രണ്ട്), രവി ബിഷ്ണോയ് (ആറു പന്തിൽ മൂന്ന്), മൊഹ്സിൻ ഖാൻ (0) എന്നിവരെല്ലാം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു.
advertisement
ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിൽ ഒറ്റ അർധസെഞ്ചറി പോലുമില്ലാതെ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണ് മുംബൈയുടേത്. അവസാന ഓവറിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം 14 റൺസടിച്ച നേഹൽ വധേരയാണ് മുംബൈ സ്കോർ 180 കടത്തിയത്. 23 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ഓസ്ട്രേലിയൻ താരം കാമറോൺ ഗ്രീനാണ് മുംബൈയുടെ ടോപ് സ്കോറർ.
advertisement
സൂര്യകുമാർ യാദവ് 20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 33 റൺസെടുത്തും പുറത്തായി. മൂന്നാം വിക്കറ്റിൽ ഗ്രീൻ – സൂര്യ സഖ്യം 38 പന്തിൽ അടിച്ചുകൂട്ടിയ 66 റൺസാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. അനായാസം 200 കടക്കുമെന്ന് ഉറപ്പിച്ച മുംബൈയെ, ഒറ്റ ഓവറിൽ ഇരുവരെയും പുറത്താക്കിയ നവീൻ ഉൾ ഹഖാണ് പിടിച്ചുനിര്‍ത്തിയത്.
advertisement
വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.5 തവണ ഐപിഎൽ കിരീടം നേടിയ മുംബൈ, ആറാം കിരീടമാണ് ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. ഇതുവരെ കളിച്ച 2 സീസണിലും പ്ലേ ഓഫിലെത്തിയ ലക്നൗ ആകട്ടെ, കഴിഞ്ഞ തവണ ബാംഗ്ലൂരിനോടു തോറ്റു മടങ്ങിയതിന് സമാനമായി ഇത്തവണ മുംബൈയോടും തോറ്റ് പുറത്തായി.