ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനും സഹോദരി ഷഹനീല്‍ ഗില്ലിനും നേരെയും ആര്‍സിബി ആരാധകരുടെ സൈബര്‍ ആക്രമണം. വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്‍റെയും സെഞ്ചുറികള്‍ പിറന്ന മത്സരത്തില്‍ വിജയം പക്ഷെ ഗുജറാത്തിനൊപ്പം നിന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കി നില്‍ക്കെ സെഞ്ചുറി തികച്ച് ശുഭ്മാന്‍ ഗില്‍ മറികടന്നു.
ബാംഗ്ലൂരിന് പ്ലേഓഫിലെത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരം കൈവിട്ടതോടെ ആരാധകര്‍ ശുഭ്മാനും മത്സരം കാണാനെത്തിയ സഹോദരി ഷഹനീല്‍ ഗില്ലിന് നേരെ തിരിഞ്ഞു. ഇരുവര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നു. ശുഭ്മാന്‍റെ സഹോദരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്‍റുമായി ഒരുകൂട്ടം ആളുകള്‍ എത്തിയതോടെ ആര്‍സിബി ആരാധകരെ മറ്റ് ഫാന്‍സ് സംഘങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഷഹനീല്‍ ഗില്ലിന്‍റെ ചിത്രത്തിനൊപ്പം അശ്ലീല കമന്റുകൾ നിറഞ്ഞതോടെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തി. കായികമത്സരങ്ങളിൽ ജയവും തോൽവിയും പതിവാണെന്നും ആർസിബി ആരാധകർ മര്യാദ കാണിക്കണമെന്നും വിമര്‍ശനം വ്യാപകമായി. നിങ്ങളുടെ ഈ നെഗറ്റീവ് ചിന്താഗതി മൂലമാണ് ആര്‍സിബിക്ക് ഇതുവരെ കപ്പ് കിട്ടാത്തതെന്ന് വരെ അഭിപ്രായം ഉയര്‍ന്നു.
തുടർച്ചയായ രണ്ടാം സെഞ്ചറിയുമായി കളംനിറഞ്ഞ വിരാട് കോലിയുടെ കരുത്തിൽ ബാംഗ്ലൂർ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം ഗില്ലിന്റെ സെഞ്ചറിയുടെ ബലത്തിലാണ് (52 പന്തിൽ 104 നോട്ടൗട്ട്) ഗുജറാത്ത് മറികടന്നത്. രണ്ടാം ഇന്നിങ്ങ്സിന്‍റെ തുടക്കത്തില്‍ വൃദ്ധിമാൻ സാഹയെ (12) നഷ്ടമായെങ്കിലും പിന്നീട് ഗുജറാത്തിന് പേടിക്കേണ്ടി വന്നില്ല. വിജയ് ശങ്കറുമൊത്തുള്ള (35 പന്തിൽ 53) 123 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഗിൽ ഗുജറാത്തിനെ വിജയത്തിലേക്ക് അടുപ്പിച്ചു. 15–ാം ഓവറിൽ ശങ്കറിനെയും പിന്നാലെ ദാസുൻ ശനക (0) ഡേവിഡ് മില്ലർ (6) എന്നിവരെയും നഷ്ടമായെങ്കിലും തകര്‍പ്പ് ഷോട്ടുകളിലൂടെ 5 പന്തുകൾ ബാക്കിനിൽക്കെ ഗിൽ ഗുജറാത്തിനെ വിജയതീരത്തെത്തിച്ചു.