എക്കാലത്തെയും മികച്ച ശ്രീലങ്കൻ പേസർമാരിൽ ഒരാളാണ് ലസിത് മലിംഗ. ഇപ്പോൾ ടി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് യോർക്കർ രാജാവ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും മലിംഗ വിരമിച്ചു. 2014ൽ ശ്രീലങ്കയുടെ ടി 20 ലോകകപ്പ് നേട്ടത്തിൽ മലിംഗ പ്രധാന പങ്കുവഹിച്ചിരുന്നു. 2019ൽ തന്നെ ഏകദിന ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മലിംഗ ബൗളിംഗ് ആക്ഷന് പേരുകേട്ടതാണ്. മലിംഗയുടെ യോർക്കറിൽ വിക്കറ്റുകൾ തെറിക്കുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ലോകം അടക്കിവാണ സച്ചിൻ അടക്കമുള്ള ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ പോലും മലിംഗ പലതവണ സ്വന്തമാക്കി. 1983 ൽ ശ്രീലങ്കയിലെ ഗാലേയിലാണ് മലിംഗ ജനിച്ചത്. 2014 ൽ ടി 20 ലോകകപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയെ നയിച്ചത് മലിംഗയാണ്. (ഫോട്ടോ-എ പി)
മലിംഗ കുട്ടിക്കാലത്ത് കടൽത്തീരങ്ങളിൽ ടെന്നീസ് ബോൾ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ തുടക്കം മുതൽ വിചിത്രമായിരുന്നു. അത് തന്റെ ശൈലിയായി മലിംഗ മാറ്റി. 2001 -ൽ നെറ്റ്സിൽ പരിശീലിക്കാൻ ബാറ്റ്സ്മാന്മാർക്ക് മലിംഗ പന്തെറിഞ്ഞു. ശ്രീലങ്കയിലെ മികച്ച താരങ്ങൾക്ക് മലിംഗയുടെ പന്തുകൾ കളിക്കാൻ കഴിഞ്ഞില്ല. ഈ കളിക്കാരിൽ അരവിന്ദ് ഡി സിൽവയും ഉൾപ്പെടുന്നു. (ഫയൽ ഫോട്ടോ)
മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കി. ആകെ 546 വിക്കറ്റുകൾ നേടി. 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റും 226 ഏകദിനങ്ങളിൽ 338 ഉം 84 ടി 20 മത്സരങ്ങളിൽ 107 വിക്കറ്റുകളും മലിംഗ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 5 തവണ മലിംഗ ഹാട്രിക്ക് നേടിയിട്ടുണ്ട്, ഇത് ഒരു റെക്കോർഡാണ്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഹാട്രിക്ക് നേടിയ ലോക റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. ഇതിനുപുറമെ, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടുതവണ അദ്ദേഹം ഹാട്രിക്ക് നേടിയിട്ടുണ്ട്. ഏകദിന, ടി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നാല് പന്തിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനും അദ്ദേഹമാണ്.