"ബടെ ഞമ്മടെ നാട്ടിൽ ഞമ്മടെ കുട്ട്യോള് കളിച്ച് മ്പോ ഓല്ക്ക് ഒപ്പം ഞമ്മളും ഉണ്ട്. ദാ ആ ഉരുള്ണ പന്ത് ഞമ്മടെ ഖൽബാണ്... അത് നിറച്ച്ക്ക്ണത് ഞമ്മടെ ശാസം കൊണ്ടാണ് " 80 പിന്നിട്ട മലപ്പുറം സ്വദേശി മുഹമ്മദിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു. പയ്യനാട് സ്റ്റേഡിയം ഇപ്പൊൾ മലപ്പുറത്തുകാരുടെ മാറാക്കാനയും വെബ്ലിയും ഒക്കെ ആണ്. സന്തോഷ് ട്രോഫി (Santosh Trophy) ഇത്രയുമേറെ മറ്റൊരു നാട്ടിലും സ്വീകരിക്കപ്പെട്ടിട്ടുണ്ടായിരിക്കില്ല, ആഘോഷിക്കപ്പെടുന്നുണ്ടായിരിക്കില്ല. പുണ്യ റമദാനിലെ പരിശുദ്ധ കർമങ്ങളിൽ ഒന്നായിട്ടാണ് ഫുട്ബാൾ പ്രേമികൾ സന്തോഷ് ട്രോഫി കാണുന്നത് എന്ന് വരെ തോന്നിപ്പോകും. ഇത്രമാത്രം ആവേശം മറ്റെങ്ങും കാണാനാകില്ല എന്ന് തീർത്തും തീർത്തും പറയാം.
കളി തുടങ്ങുന്ന സമയം രാത്രി 8 മണി ആണെങ്കിലും 6 മണി മുതൽ ആളുകൾ പയ്യനാട് സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങും. 100 രൂപ ടിക്കറ്റ് എടുത്ത് ഗാലറിയുടെ ഉയർന്ന നിലയിൽ സീറ്റ് പിടിക്കാൻ ആണ് ഈ നേരത്തെ വരവ്. റമദാൻ കാലമാണ്, പകൽ മുഴുവൻ വ്രതമെടുത്ത് പ്രാർത്ഥനകളോടെ കഴിച്ചുകൂട്ടുന്നവരാണ് ഇവിടെ എത്തുന്ന മിക്കവരും. അത് കൊണ്ട് തന്നെ സ്റ്റേഡിയത്തിന് ഉള്ളിലെ നോമ്പ് തുറ ഇവിടെ മാത്രം കാണാൻ കഴിയുന്ന ഒരു കാഴ്ച ആണ്.
"കേരളത്തിൻറെ പന്ത്രണ്ടാമൻ പയ്യനാട് സ്റ്റേഡിയത്തിൽ നിറയുന്ന പതിനായിരങ്ങൾ ആണ് " എന്ന് കോച്ച് ബിനോ ജോർജ് പറയുന്നത് വെറുതെ അല്ല. ഓരോ മുന്നേറ്റങ്ങൾക്കും പിന്നാലെ ഉയരുന്ന ആർപ്പുവിളികൾ, തിരിച്ചടികൾ നൽകുന്ന നിശബ്ദത, അബദ്ധ നീക്കങ്ങളോട് ഉള്ള നിരാശ കലർന്ന ദീർഘ നിശ്വാസങ്ങൾ , ഒടുവിൽ എതിർ ഗോൾ വല കുലുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രകമ്പന താളങ്ങൾ, നല്ല നീക്കങ്ങൾക്കും പ്രകടനത്തിലും ലഭിക്കുന്ന കയ്യടികൾ ഇവിടെ ജേഴ്സിയുടെ നിറം നോക്കിയല്ല എന്ന് കൂടി പറയട്ടെ.
അതെ ഫുട്ബോൾ അറിയണമെങ്കിൽ, ആസ്വദിക്കണമെങ്കിൽ മഞ്ചേരി പയ്യനാട് തന്നെ വരണം. അത് കേരളത്തിൻറെ മത്സരദിവസമാണെങ്കിൽ പറയുകയേ വേണ്ട. മലപ്പുറത്തെ എന്ത് കൊണ്ട് ഫുട്ബോളിന്റെ മെക്ക എന്ന് വിളിക്കുന്നു എന്നറിയാൻ ഇവിടെ ഒരു തവണ വന്നാൽ മതി. ഫുട്ബോൾ ആസ്വാദകൻ ആണെങ്കിൽ ആരും ഇവിടെ തനിയെ വന്നു ചേരും. ഇനി നിങ്ങൾ ഫുട്ബോൾ ആരാധകൻ അല്ലെങ്കിൽ ഇവിടെ ഒരിക്കൽ വന്നാൽ തനിയെ ആരാധകനായി മാറും. കാലിൽ തുണി കെട്ടി ചോരയുടെ ചുവപ്പ് കൊണ്ട് ബ്രിട്ടീഷ് ബൂട്ടുകളെ വെല്ലുവിളിച്ച പോരാളികളുടെ മണ്ണാണ് മലപ്പുറം. അവിടെ ഈ പന്തിന് ഹൃദയ താളം ആണ്, അത് നിറയ്ക്കുന്നത് ഈ നാടിൻ്റെ പ്രാണവായു ആണ്.